പ്രവാസികൾക്ക് ഫിലിപ്പൈൻസ് സർക്കാരിന്റെ ഒരു കൈസഹായം: യു.എ.ഇയിൽ അര ലക്ഷത്തോളം പേർക്ക് സാമ്പത്തികസഹായം നൽകി

  • 21/02/2021

ദുബൈയിൽ കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരൻമാർക്ക് സഹായമൊരുക്കി ഫിലിപ്പൈൻസ് സർക്കാർ. 730 ദിർഹം വീതമാണ് യു.എ.ഇയിലെ 26,600 ഫിലിപ്പിനോകളുടെ അക്കൗണ്ടിൽ സർക്കാർ നിക്ഷേപിച്ചത്. മലയാളികൾ ഉൾപ്പെടെ ദുരിതത്തിൽ അകപ്പെട്ട  പ്രവാസികൾക്ക് ഒരു പദ്ധതിയും പ്രഖ്യാപിക്കാത്ത ഇന്ത്യക്ക് പോലും മാതൃകയാവുകയാണ് ഫിലീപ്പീൻസ് സർക്കാർ.

99,869 ഫിലിപ്പീൻസ് പ്രവാസികളാണ് പ്രയാസം നേരിടുന്നതായി ചൂണ്ടിക്കാട്ടി അപേക്ഷ കൈമാറിയത്. ഇതിൽ അർഹരായ 48000 പേരുടെ പട്ടികയാണ് തയാറാക്കിയത്. ഇതിൽ പകുതിയിലേറെ പേർക്കും സഹായമെത്തിച്ചതായി ദുബൈയിലെ ഫിലിപ്പൈൻ ഓവർസീസ് ലേബർ ഓഫിസ് അറിയിച്ചു. ഇതുവരെ 1.96 കോടി ദിർഹമാണ് ആകെ കൈമാറിയത്.

കഴിഞ്ഞ വർഷമാണ് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്കും ശമ്പളം ലഭിക്കാത്തവർക്കും ശമ്പളം വെട്ടികുറക്കപ്പെട്ടവർക്കും ഫിലിപ്പൈൻസ് സർക്കാർ ഒറ്റത്തവണ സഹായ പദ്ധതി പ്രഖ്യാപിച്ചത്.  കോവിഡ് പ്രതിസന്ധിയെ തുടർന്ന് അര ലക്ഷത്തോളം ഫിലിപ്പീൻസ് പ്രവാസികളാണ് പോയ വർഷം നാട്ടിലേക്ക് മടങ്ങിയത്. ഇവരിൽ 3500ഓളം പേർക്ക് സർക്കാർ സൗജന്യ ടിക്കറ്റ് നൽകിയാണ് നാട്ടിലെത്തിച്ചത്. നല്ലൊരു ശതമാനം പേരും ഇപ്പോൾ യു.എ.ഇയിൽ തിരിച്ചെത്തിയിട്ടുണ്ട്.

Related News