ഷാർജയിലെ സ്‍കൂളുകളിൽ മാർച്ച് 25 വരെ ഓൺലൈൻ പഠനം തുടരും

  • 26/02/2021

ഷാർജ: മാർച്ച് 25 വരെ പൂർണമായും ഓൺലൈൻ പഠന രീതി തന്നെ തുടരാൻ തീരുമാനിച്ച് ഷാർജയിലെ സ്കൂളുകൾ. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‍കൂളുകൾക്കും നഴ്‍സറികൾക്കും ഇത് ബാധകമായിരിക്കും. ഷാർജ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‍മെന്റ് അധികൃതരും വിദ്യാഭ്യാസ മന്ത്രാലയം, പ്രൈവറ്റ് എജ്യുക്കേഷൻ അതോരിറ്റി എന്നിവയും ചേർന്നാണ് തീരുമാനമെടുത്തത്.

ഇ-ലേണിങ് തുടരുമ്പോൾ തന്നെ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ അധികൃതർ സൂക്ഷ്‍മമായി വിലയിരുത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതാവും നടപടികൾ. അതേസമയം അധ്യാപകരും സ്‍കൂൾ ജീവനക്കാരും സ്‍കൂളുകളിൽ നേരിട്ട് എത്തേണ്ടതുണ്ടോയെന്ന കാര്യത്തിൽ തീരുമാനം അതത് സ്‍കൂളുകൾക്ക് വിട്ടു. 

രണ്ടാഴ്‍ചയിലൊരിക്കൽ നിർബന്ധ കൊവിഡ് പി.സി.ആർ ടെസ്റ്റ് നടത്തുന്നത് ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതത് ദിവസത്തെ റിപ്പോർട്ടുകൾ തമാം പോർട്ടലിൽ രേഖപ്പെടുത്തണം. സ്‍കൂളുകളിൽ നേരിട്ടുള്ള പഠനം പുനഃരാരംഭിക്കുന്നതിനായി എല്ലാവരും കൊവിഡ് വാക്സിനെടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Related News