ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട് തള്ളിയ സൗദിക്ക് പിന്തുണയുമായി ഒമാൻ

  • 28/02/2021

മസ്‌കറ്റ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിലെത്തിയ റിപ്പോർട്ട് നിഷേധിച്ച സൗദി വിദേശകാര്യ മന്ത്രാലയത്തിൻറെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഒമാൻ. ശനിയാഴ്ചയാണ് അമേരിക്കൻ കോൺഗ്രസിലെത്തിയ റിപ്പോർട്ട് നിഷേധിച്ച് സൗദി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ ഒമാൻ വിദേശകാര്യ മന്ത്രാലയം പിന്തുണച്ചത്.

ജമാൽ ഖഷോഗി കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിലെത്തിയ റിപ്പോർട്ടിൽ സൗദിയുടെ നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഈ കേസിൽ നിഷ്പക്ഷമായി നടപടികളെടുത്ത സൗദി അറേബ്യയിലെ നീതിന്യായ വ്യവസ്ഥയെ ഒമാൻ അഭിനന്ദിച്ചു. ഒമാന് പുറമെ യുഎഇയും കുവൈത്തും സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. സൗദി അറേബ്യയുടെ  നീതിന്യായ വ്യവസ്ഥയിൽ പൂർണമായും വിശ്വാസമുണ്ടെന്നും, നിയമങ്ങൾ സുതാര്യമായും നിഷ്പക്ഷമായും നടപ്പിലാക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്കും പിന്തുണ നൽകുന്നതായും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി.

ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിലെത്തിയ റിപ്പോർട്ടിലെ വിവരങ്ങൾ സൗദി അറേബ്യ പൂർണമായും നിഷേധിച്ചിരുന്നു. രാജ്യനേതൃത്വത്തെ കുറിച്ച് റിപ്പോർട്ടിലെ നിഷേധാത്മകവും തെറ്റായതുമായ നിഗമനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സൗദി ഭരണകൂടം ഈ റിപ്പോർട്ട് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങളും മൂല്യങ്ങളും ലംഘിച്ച ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് സൗദി അധികാരികൾ മുമ്പ് പ്രസ്താവന നടത്തിയ കാര്യം മന്ത്രാലയം ഓർമ്മപ്പെടുത്തി. കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തെന്നും കുറ്റവാളികൾക്ക് ശിക്ഷ നൽകിയത് ജമാൽ ഖഷോഗിയുടെ കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ വിശദമാക്കി.

Related News