യുഎഇ-ഇസ്രായേൽ ബന്ധം കൂടുതൽ ശക്തമാകുന്നു; ഇരു രാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്ര ചെയ്യാം...

  • 20/10/2020

 വിസ ഒഴിവാക്കി  യാത്ര ചെയ്യാൻ അനുമതിയായതോടെ  യുഎഇ-ഇസ്രായേൽ ബന്ധം കൂടുതൽ ശക്തമാകുന്നു. യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് വിസ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം  തീരുമാനച്ചിതെന്നും നെതന്യാഹു വ്യക്തമാക്കി. 

 കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ച് യുഎഇ ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യുഎഇയില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധിസംഘം ഇസ്രയേലില്‍ എത്തിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. 
സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുന്ന നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നും നെതന്യാഹു പറഞ്ഞു.  ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ്  രാജ്യങ്ങളാണ് യുഎഇയും ബഹ്റൈനും. നേരത്തെ 1979ല്‍ ഈജിപ്‍ത്, ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. 1994ല്‍ ജോര്‍ദാനാണ് ഇതിനുമുമ്പ് ഇസ്രായേലുമായി കരാര്‍ ഒപ്പുവച്ചത്.‌

Related News