യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസിക്ക് പരിക്കേറ്റു; വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവർ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി

  • 05/03/2021

ഉമ്മുൽഖുവൈൻ: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസിക്ക് പരിക്കേറ്റു. അപകടസ്ഥലത്തുനിന്നും ഡ്രൈവർ കടന്നു കളഞ്ഞു. എന്നാൽ കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ട്രാഫിക് പട്രോൾസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കേണൽ ഹുമൈദ് അഹ്‍മദ് സഈദ് പറഞ്ഞു.

ആംബുലൻസ്, പാരാമെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റയാൾക്ക് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയതിനൊപ്പം അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുന്നതിനായി പട്രോൾ സംഘങ്ങൾക്ക് നിർദേശവും നൽകി. വ്യാപകമായ അന്വേഷണം നടത്തിയ പൊലീസ് സംഘം മൂന്ന് മണിക്കൂറിനുള്ളിൽ വാഹനം കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്‍തു.

ഗുരുതരമായ പരിക്കോ വലിയ അപകടങ്ങളോ ഉണ്ടാക്കുന്നവർക്ക് യുഎഇ ഫെഡറൽ ട്രാഫിക് നിയമം 47-ാം വകുപ്പ് പ്രകാരം 23 ബ്ലാക് പോയിന്റുകളും കോടതി നിശ്ചയിക്കുന്ന പിഴയുമാണ് ശിക്ഷ. ഒപ്പം 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ചെറിയ അപകടങ്ങളുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോയാൽ ചെറിയ വാഹനങ്ങൾക്ക് 500 ദിർഹവും വലിയ വാഹനങ്ങൾക്ക് 1000 ദിർഹവും പിഴ ലഭിക്കും. ചെറിയ വാഹനങ്ങൾ ഏഴ് ദിവസം പിടിച്ചുവെയ്ക്കുന്നതിനൊപ്പം എട്ട് ബ്ലാക്ക് പോയിന്റുകളും ഡ്രൈവർക്ക് ലഭിക്കും.

Related News