ചെയ്‍ത ജോലിക്ക് ശമ്പളം നൽകാതെ കമ്പനി: നിയമനടപടി സ്വീകരിച്ചപ്പോൾ പ്രതികാരവും; പ്രവാസി ഒടുവിൽ നാട്ടിലെത്തിച്ചു

  • 06/03/2021

റിയാദ്: ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് റിയാദിലെ സ്വകാര്യ കമ്പനിക്കെതിരെ കേസിന് പോകേണ്ടി വന്ന പന്തളം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. 13 മാസം മുമ്പ് റിയാദിലെ അൽ മുഹ്‌നീം എന്ന സ്ഥലത്തുള്ള ഒരു ഹോളോ ബ്രിക്സ് കമ്പനിയിൽ ജോലിക്കെത്തിയതായിരുന്നു പന്തളം സ്വദേശിയായ സന്ദീപ്. മാസങ്ങളോളം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ലേബർ കോടതിയിൽ പരാതി നൽകി.

എന്നാൽ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയായി കമ്പനി സന്ദീപിനെ സ്പോൺസറുടെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന കേസ് സൗദി പാസ്പോർട്ട് വിഭാഗത്തിന് നൽകി (ഹുറൂബ്) നിയമക്കുരുക്കിലാക്കി. പിന്നീട് ജോലിയോ ശമ്പളമോ ലഭിക്കാത്തതിനെ തുടർന്ന് ആഹാരത്തിനുപോലും ബുദ്ധിമുട്ടിയ സന്ദീപ് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ സഹായത്തിനായി സമീപിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ എമ്പസി വഴി എക്സിറ്റ് വിസ അടിക്കുകയും കേളി ബത്ഹ യൂണിറ്റ് അംഗമായ അമാനുള്ള സ്‍പോൺസർ ചെയ്ത ടിക്കറ്റിൽ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

Related News