റമദാൻ; കൊറോണ സുരക്ഷാ നിബന്ധനകൾ പ്രഖ്യാപിച്ച്‌ ദുബൈ

  • 18/03/2021

ദുബൈ: റമദാൻ മാസത്തിലെ കൊറോണ സുരക്ഷാ നിബന്ധനകൾ പ്രഖ്യാപിച്ച്‌ ദുബൈ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമിറ്റി. റമദാനിൽ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും പ്രായമായവരെയും മറ്റ് ഗുരുതര രോഗങ്ങളുള്ളവരെയും കോവിഡ് ബാധയിൽ നിന്ന് സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശം.

റമദാൻ ടെന്റുകൾക്കും ഇഫ്താർ, സംഭാവനകൾ എന്നിവയ്ക്കായി തയ്യാറാക്കുന്ന ടെന്റുകൾക്കും പൂർണമായ നിരോധനം ഏർപെടുത്തിയിട്ടുണ്ട്. കർശനമായ സുരക്ഷാ നിബന്ധനകൾ പാലിച്ചുകൊണ്ട് പള്ളികളിൽ തറാവീഹ് നമസ്‌കാരം അനുവദിക്കും. എന്നാൽ ഇശാഅ്, തറാവീഹ് നമസ്‌കാരങ്ങൾ പരമാവധി 30 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കണം.

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലുള്ള രാത്രി നമസ്‌കാരങ്ങളുടെ (ഖിയാമുല്ലൈൽ) കാര്യത്തിൽ സാഹചര്യം പരിശോധിച്ച്‌ പിന്നീട് തീരുമാനം പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിക്കുകയുണ്ടായി. നാഷണൽ ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ച കോവിഡ് സുരക്ഷാ നടപടികൾ കൂടി കണക്കിലെടുത്താണ് റമദാനിലെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Related News