പാരമ്പര്യ സ്വത്ത് തർക്കം പരിഹരിക്കാൻ പ്രത്യേക ട്രിബ്യൂണൽ സ്ഥാപിച്ച്‌ യുഎഇ

  • 18/03/2021

ദുബായ്: പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളുടെ വിൽപ്പന സംബന്ധിച്ച്‌ അവകാശികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രത്യേക ട്രിബ്യൂണൽ സ്ഥാപിച്ചു. പാരമ്പര്യമായി ലഭിച്ച പാർപ്പിടങ്ങളിൽ ആളുകൾക്കുള്ള അവകാശം സംരക്ഷിക്കുന്നതിനായി അഭിഭാഷകർ, ധനകാര്യ വിദഗ്ധർ, പ്രോപ്പർട്ടി വിദഗ്ധർ എന്നിവർ അടങ്ങിയ ട്രിബ്യൂണലിനാണ് ഷേഖ് മുഹമ്മദ് രൂപം നൽകിയിരിക്കുന്നത്.

ദുബായിലെ ലാൻഡ്, പ്രോപ്പർട്ടി ഡിപ്പാർട്മെന്റോ മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റോ പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾക്കെതിരെ വിധി പ്രസ്താവിക്കാനും ഉത്തരവുകൾ പുറപ്പെടുവിപ്പിക്കാനും ഈ ട്രിബ്യൂണലിന് അധികാരമുണ്ടായിരിക്കുമെന്ന് യുഎഇയിലെ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് ദശാബ്ദങ്ങളായി ദുബായിൽ അനിയന്ത്രിതമായി തുടരുന്ന പാർപ്പിട നിർമാണം മൂലം ആയിരക്കണക്കിന് പുതിയ വീടുകളാണ് ദുബായിൽ ഉയരുന്നത്. കെട്ടിട ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ പ്രോപ്പർട്ടിയെ അവകാശം സംബന്ധിച്ച്‌ ബന്ധുക്കൾക്കിടയിൽ തർക്കങ്ങൾ ഉടലെടുക്കുന്നത് സർവ്വസാധാരണമാകുന്ന സാഹചര്യത്തിലാണ് ഈ പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ട്രിബ്യൂണൽ സ്ഥാപിച്ചിരിക്കുന്നത്.

അവകാശികൾക്കിടയിൽ പ്രോപ്പർട്ടി എളുപ്പത്തിൽ ഭാഗം വെക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആസ്തികൾ ലേലത്തിൽ വെച്ച്‌ ലഭിക്കുന്ന തുക ഇവർക്ക് വിതരണം ചെയ്യാൻ ട്രിബ്യൂണലിന് കഴിയും. എന്നാൽ തർക്കത്തിൽ ഉൾപ്പെട്ടവർക്ക് പൊതുസമ്മതമായ തീരുമാനത്തിൽ എത്താൻ സാധിച്ചില്ലെന്ന് വ്യക്തമാക്കുന്ന നിയമപരമായ രേഖ സമർപ്പിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിൽ ട്രിബ്യൂണൽ ഇടപെടുകയുള്ളൂ. ട്രിബില്യൂണലിന്റെ പ്രവർത്തനം ആരംഭിച്ച്‌ കഴിഞ്ഞാൽ ഡിഐഎഫ്സി പോലുള്ള മറ്റ് നിയമ സ്ഥാപനങ്ങൾക്ക് ഇത്തരം കേസുകളിൽ ഇടപെടാൻ സാധിക്കുകയില്ല. പ്രത്യേക ട്രിബ്യൂണൽ പുറപ്പെടുവിക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും അന്തിമമായിരിക്കും.

Related News