റമസാനു മുൻപു ഭിക്ഷാടകരെ പിടികൂടാൻ പരിശോധന ശക്തമാക്കി ദുബായ്

  • 23/03/2021

ദുബായ്‌: റമസാനു മുൻപു ഭിക്ഷാടകരെ പിടികൂടാൻ പരിശോധന ശക്തമാക്കി ദുബായ് പൊലീസ്. വ്രതമാസത്തിൽ എമിറേറ്റിലേക്ക് ഭിക്ഷാടകർ പ്രവഹിക്കാറുണ്ട്. സുരക്ഷയ്ക്കു ഭീഷണിയായ ഭിക്ഷാടകർ വിവിധ വീസകൾ തരപ്പെടുത്തിയാണ് രാജ്യത്തേക്കു പ്രവേശിക്കുന്നതെന്ന് അധികൃതർ പറയുന്നു.

കഴിഞ്ഞ വർഷം 753 ഭിക്ഷാടകരാണ് പിടിയിലായെന്ന് ദുബായ് പൊലീസ് സിഐഡിയിലെ നുഴഞ്ഞുകയറ്റ പ്രതിരോധ വകുപ്പ് തലവൻ കേണൽ അലി സാലിം അശ്ശാംസി അറിയിച്ചു.

ഏഷ്യക്കാർ മുന്നിൽ

ഭിക്ഷാടനത്തിന് എത്തുന്നവരിൽ കൂടുതലും ഏഷ്യൻ രാജ്യക്കാരാണെന്ന് പൊലീസ് അറിയിച്ചു. അറബ് രാജ്യക്കാരാണ് രണ്ടാംസ്ഥാനത്ത്. 'ബിസിനസ്സ് മാൻ' തസ്തികയിലുള്ള വീസയിലെത്തി യാചന നടത്തുന്നവരുണ്ട്. ഭിക്ഷാടകരെ ലക്ഷ്യമിട്ടുള്ള പരിശോധന റമസാനു മുമ്പ് തുടങ്ങി ചെറിയ പെരുന്നാളും കഴിഞ്ഞാണ് അവസാനിപ്പിക്കുക.

കമ്പനികളും കുടുങ്ങും

പിടിക്കപ്പെടുന്ന യാചകരെ നിശ്ചിത കാലാവധിക്കു ശേഷം സ്വദേശങ്ങളിലേക്കു തിരിച്ചയക്കുകയാണു പതിവ്. എന്നാൽ ഭിക്ഷാടനത്തിനു വീസ നൽകി സഹായിക്കുന്ന കമ്പനികൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

വാട്സാപ് വഴി പണം പിരിച്ചു,  കുടുങ്ങി

സമൂഹമാധ്യമങ്ങൾ വഴി പിരിവ് നടത്തുന്നവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വാട്സാപ് വഴി കദന കഥകൾ പ്രചരിപ്പിച്ച് ധനസമാഹരണം നടത്തിയ ഏഷ്യൻ വംശജനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. വ്യാജ ചികിത്സാ രേഖകളും രോഗ വിവരങ്ങളും അവതരിപ്പിച്ചു പണപ്പിരിവ് നടത്തിയ ഒട്ടേറെപ്പേർ  അറസ്റ്റിലായിട്ടുണ്ട് . ഇവരെല്ലാം ആരോഗ്യവാന്മാരായിരുന്നു.

വിളിക്കുക, 901

തെരുവുകൾ, ആരാധനാലയങ്ങൾ,  വ്യാപാര സ്ഥാപനങ്ങൾ, നടപ്പാതകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു  ഭിക്ഷാടനം നടത്തുന്നതു കണ്ടാൽ 901 നമ്പറിലോ പൊലീസ് മൊബൈൽ ആപ്പ് വഴിയോ അറിയിക്കാനാണു നിർദേശം.

Related News