ദുബായ് ഉപഭരണാധികാരിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

  • 24/03/2021


യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം (75) അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സഹോദരന്റെ വിയോഗം ഇന്ന് രാവിലെ ലോകത്തെ അറിയിച്ചത്. 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

അനുശോചന സൂചകമായി ദുബായിൽ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച മുതൽ 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മഗ് രിബ് (സായാഹ്നം) നമസ്കാരത്തിന് ശേഷം പള്ളിയിൽ പ്രത്യേക പ്രാർഥന നടക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾക്ക് മാത്രമേ പങ്കെടുക്കാനാകൂ.
 
ഷെയ്ഖ് ഹംദാൻ കുറച്ചു മാസങ്ങളായി അസുഖ ബാധിതനായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സഹോദരന് വേണ്ടി പ്രാർഥിക്കുന്നുവെന്നും മാർച്ച് 9ന് അറിയിച്ചിരുന്നു. 1971 ഡിസംബർ 9ന് ആദ്യ യുഎഇ മന്ത്രിസഭ മുതൽ ഷെയ്ഖ് ഹംദാനാണ് ധനകാര്യമന്ത്രി. രാജ്യത്തിന്രെ വികസനത്തിന് ബൃഹത്തായ സംഭാവനകൾ നൽകി.

Related News