യു.എ.ഇയിൽ പാസ്പോർട്ട് പുതുക്കാൻ ഇനി മുതൽ നാട്ടിലെ പൊലീസ് വെരിഫിക്കേഷനും.

  • 29/10/2020

പാസ്​പോര്‍ട്ട്​ പുതുക്കാന്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പാസ്​പോര്‍ട്ട്​ ലഭിക്കുന്ന സംവിധാനമാണ്​ യു.എ.ഇയിലുള്ളത്​​.എന്നാല്‍, ഇനി മുതല്‍ പെട്ടെന്ന് കാര്യങ്ങൾ നടക്കില്ല.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ച്‌ എല്ലാ പാസ്​പോര്‍ട്ടുകളും പുതുക്കുന്നതിന് നാട്ടിലെ​ പൊലീസ്​ വെരി​ഫിക്കേഷന്‍ നിര്‍ബന്ധമാണ്​. ഇതോടെ പാസ്​പോര്‍ട്ട്​ പുതുക്കാന്‍ രണ്ടാഴ്​ചയോളം എടുക്കുന്നുണ്ട്​. സെപ്​റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്​ കഴിഞ്ഞ ദിവസം ലഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ്​ സ്​ഥിരീകരിച്ചു.എല്ലാ വിദേശ രാജ്യങ്ങളിലും നേരത്തെ നടപ്പാക്കിയിരുന്ന പൊലീസ്​ വെരിഫിക്കേഷന്‍ പിന്നീട്​ നിര്‍ത്തലാക്കിയിരുന്നു. ഇതാണ്​ വീണ്ടും തുടങ്ങിയത്​.

രണ്ട്​ തരത്തിലുള്ള വെരിഫിക്കേഷന്‍ നടത്താനാണ്​ തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ പുതുക്കിയ പാസ്​പോര്‍ട്ടുകളും ഇനിയുള്ള ദിവസങ്ങളില്‍ പുതുക്കാനുള്ള പാസ്​പോര്‍ട്ടും പൊലീസ്​ വെരിഫിക്കേഷന്​ വിധേയമാക്കും.യു.എ.ഇയില്‍ പുതുക്കുന്നതിനായി ലഭിക്കുന്ന പാസ്​പോര്‍ട്ടുകള്‍ ഇന്ത്യയിലെ ഓരോ  ജില്ലയിലെയും പൊലീസ്​ കേന്ദ്രങ്ങളിലേക്ക്​ അയക്കും.

അവിടെ നിന്ന്​ അപേക്ഷകൻ  താമസിക്കുന്ന സ്ഥലത്തിന്റെ   പരിധിയില്‍ വരുന്ന ലോക്കല്‍ സ്​റ്റേഷനിലേക്ക്​ അയക്കും.അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ  അടിസ്​ഥാനത്തിലായിരിക്കും പാസ്​പോര്‍ട്ട്​ പുതുക്കുക. പൊലീസ്​ വെരിഫിക്കേഷന്​ അയക്കുമ്പോള്‍ അപേക്ഷകന്​ ഇ-മെയില്‍ സന്ദേശം ലഭിക്കും.അതേസമയം, അഞ്ച്​ വര്‍ഷമായി യു.എ.ഇയില്‍ താമസിക്കുന്ന റെസിഡന്‍റ്​ വിസക്കാര്‍ ഇവിടെ തന്നെയാണ്​ പാസ്​പോര്‍ട്ട്​ പുതുക്കിയതെങ്കില്‍ അവര്‍ക്ക്​ വെരിഫിക്കേഷന്‍ ആവശ്യമില്ല.ഒരു മാസം മുമ്പ്​ പുതുക്കിയ പാസ്​പോര്‍ട്ടുകളും വെരിഫിക്കേഷന്​ അയക്കുന്നുണ്ട്​.ഇവര്‍ക്ക്​ നാട്ടില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടോ എന്ന്​ അന്വേഷിക്കുന്നതിനാണ്​ പൊലീസ്​ വെരിഫിക്കേഷന്​ അയക്കുന്നത്​.

Related News