ഒരു വര്‍ഷത്തേക്ക് പൈലറ്റുമാര്‍ക്ക് ശമ്പളമില്ലാത്ത അവധി വാഗ്ദാനവുമായി എമിറേറ്റ്സ്

  • 05/11/2020

കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി അതിജീവിക്കാന്‍ പൈലറ്റുമാര്‍ക്ക് ശമ്പളമില്ലാത്ത അവധി വാഗ്ദാനവുമായി എമിറേറ്റ്സ്. ഒരു വര്‍ഷത്തേക്കാണ് പൈലറ്റുമാരിലെ  ഒരു വിഭാഗത്തിന് അവധിയെടുക്കാനുള്ള വാഗ്ദാനം കമ്പനി നൽകിയിരിക്കുന്നത്. ജോലി സമയം ക്രമീകരിക്കുന്നതടക്കം പ്രതിസന്ധി മറികടക്കാനുള്ള വിവിധ പദ്ധതികള്‍ക്കാണ് കമ്പനി രൂപം നല്‍കിയിരിക്കുന്നത്. പൈലറ്റുമാര്‍ക്ക് അവധി വാഗ്ദാനം നല്‍കിയ കാര്യം എമിറേറ്റ്സ് വക്താവ് സ്ഥിരീകരിച്ചു. 

വ്യോമഗതാഗത മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ മാറുന്ന സാഹചര്യത്തില്‍  നേരത്തെ തന്നെ തിരിച്ചുവിളിച്ചേക്കാം എന്ന നിബന്ധനയോടെയാണിത്. ശമ്പളമില്ലാത്ത അവധിയാണെങ്കിലും താമസ സൗകര്യവും ആരോഗ്യ പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും കമ്പനി നല്‍കുമെന്നും പ്രസ്‍താവനയില്‍ അറിയിച്ചു.  കൊവിഡ് പ്രതിസന്ധിയിൽ  വ്യോമഗതാഗത മേഖല നിലച്ചപ്പോള്‍ കടുത്ത പ്രതിസന്ധി അതിജീവിക്കാന്‍ ഇക്കഴിഞ്ഞ ജൂണില്‍ തന്നെ എമിറേറ്റ്സ്  ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നടപടി.

Related News