നാലാം ദിവസം പി.സി.ആർ പരിശോധന നടത്തണം; അബുദാബിയിൽ പ്രവേശിക്കുന്നവർക്ക് പുതിയ നിബന്ധന

  • 05/11/2020

അബുദാബി; കൊവിഡ് വ്യാപനം പശ്ചാത്തലത്തിൽ  അബുദാബിയിൽ പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകളുമായി  എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്​റ്റർ മാനേജ്‌മെന്റ് കമ്മിറ്റി. എട്ടാം തീയതി  മുതൽ മറ്റ്​ എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ എത്തുന്നവർ നാലു​ ദിവസത്തിൽ കൂടുതൽ തങ്ങിയാൽ നാലാം ദിവസം പി.സി.ആർ പരിശോധന നടത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. എത്തുന്ന ദിവസം ആദ്യ ദിവസമായി കണക്കാക്കും. എട്ടു ദിവസത്തിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ എട്ടാം ദിവസം മറ്റൊരു പി.സി.ആർ പരിശോധനയും നടത്തണമെന്നും നിർദ്ദേശമുണ്ട്. നേരത്തേ ആറു​ ദിവസത്തിൽ കൂടുതൽ തങ്ങുന്നവർ ആറാം ദിവസം പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. എന്നാൽ ഇപ്പോൾ അധികൃതർ പുതിയ നിബന്ധന പുറപ്പെടുവിച്ചിട്ടുണ്ട്. 

അബുദാബിയിൽ പി.സി.ആർ പരിശോധനക്ക് 150 മുതൽ 250 ദിർഹം വരെ ചെലവുവരും. ഒരുതവണ ഡി.പി.ഐ പരിശോധനക്ക് 50 ദിർഹവും ചെലവുണ്ട്. എന്നാൽ ഷാർജ, അജ്​മാൻ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ സൗജന്യ പരിശോധന സൗകര്യമുണ്ട്​. ​
അതേസമയം,  മറ്റ്​ എമിറേറ്റുകളിൽ നിന്ന്​ അബുദാബിയിലേക്ക്​ പ്രവേശിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ കൊവിഡ് നെഗറ്റീവ് പരിശോധന ഫലം വേണമെന്ന നിബന്ധന തുടരും. കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധപ്രവർത്തകരെയും അടിയന്തര തൊഴിലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഈ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് സുഗമമായ യാത്രക്ക് അതിർത്തി ചെക്ക്​​പോസ്​റ്റിന്​ സമീപത്തെ അടിയന്തര വാഹന പാതകൾ ഉപയോഗിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News