പ്രവാസികൾക്ക് ആശ്വാസ വാർത്ത; യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി

  • 17/11/2020

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ ഭരണകൂടം. രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി ഭരണകൂടം നീട്ടി. മാര്‍ച്ച് ഒന്നിന് മുൻപ് വിസാ കാലാവധി അവസാനിച്ച ശേഷം യുഎഇയില്‍ തുടരുന്ന അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലാവധി ഈ വര്‍ഷം ഡിസംബര്‍ അവസാനം വരെ നീട്ടിയെന്നും പിഴ അടയ്ക്കാതെ ഡിസംബര്‍ 31ന് മുൻപ് അനധികൃത താമസക്കാര്‍ക്ക് യുഎഇ വിടാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

 മെയ് 14ന് തുടങ്ങിയ ഹ്രസ്വകാല പൊതുമാപ്പിന്‍റെ കാലാവധി നവംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടി നല്‍കിയത്. മാര്‍ച്ച് ഒന്നിന് മുൻപ് വിസിറ്റ്, ടൂറിസ്റ്റ്, താമസ വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. വര്‍ക്ക് പെര്‍മിറ്റ്, എമിറേറ്റ്‌സ് ഐഡി  ഉള്‍പ്പെടെയുള്ളവയില്‍ ചുമത്തിയിട്ടുള്ള പിഴകളൊന്നും ഇവര്‍ അടയ്‌ക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. 

Related News