പ്രവാസികൾക്ക് ഫ്രീലാൻസ് ലൈസൻസ് നൽകാനുളള അബുദാബിയുടെ തീരുമാനം; ഏറെ ആശ്വാസമെന്ന് പ്രവാസികൾ

  • 18/11/2020

ഏറെ സഹായകമായി  പ്രവാസികൾക്ക് ഫ്രീലാൻസ് ലൈസൻസ് നൽകാനുള്ള അബുദാബിയുടെ തീരുമാനം. യോഗ്യത അനുസരിച്ചുള്ള ജോലി കിട്ടാതെയും ബിസിനസ് തുടങ്ങാൻ മതിയായ സാമ്പത്തിക ശേഷി ഇല്ലാതെയും വിഷമിക്കുന്നവർക്കാണ് പുതിയ തീരുമാനം ​ഗുണകരമാകുന്നത്.
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്കും ഇത് പ്രയോജനപ്പെടുത്താം. 
സ്പോൺസർഷിപ്പില്ലാതെ ജോലി ചെയ്യുന്നതിനുള്ള അനുമതിയാണ് ഫ്രീലാൻസ് ലൈസൻസ്. ഓഫീസോ സ്ഥലമോ വേണ്ടാത്തതിനാൽ  മുതൽമുടക്കില്ലാതെ സ്വന്തം വ്യവസായം തുടങ്ങാനാകും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യക്കാർ.


സ്വകാര്യ മേഖലയിൽ ചെയ്യാനാണ് അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സ്പോൺസറുടെ അനുമതി വേണ്ട. സർക്കാർ ജോലിക്കാർക്ക് അനുമതി വേണം. 48 ഇനങ്ങളിലാണ് ഇങ്ങനെ ലൈസൻസ് എടുക്കാനാവുക. ബന്ധപ്പെട്ട മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന രേഖയും തൊഴിൽ പരിചയവും ഹാജരാക്കണമെന്നതാണ് ഏക നിബന്ധന. വീട്ടമ്മമാർക്കും ഇഷ്ടപ്പെട്ട മേഖലകളിൽ ലൈസൻസ് നേടാനുള്ള അവസരം നൽകുന്നു.
ഫ്രീലാൻസ് ലൈസൻസ് ലഭിക്കാൻ  028158888 നമ്പറിൽ വിളിച്ചോ www.adbc.gov.ae വെബ്സൈറ്റിലോ AD Business Centre  മൊബൈൽ ആപ്പിലോ വ്യക്തിയുടെ പേര്, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യണം.

Related News