ന്യൂനമർദം ; ഒമാന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക മഴ

  • 09/05/2021

മസ്​കത്ത്: അൽ അതായാ ന്യൂനമർദം മൂലം ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ആരംഭിച്ചു. സൗത്ത് ബാത്തിന, ദാഖിലിയ്യ, ഗവർണറേറ്റുകളിൽ വാദികൾ ഉയരുന്നതായി സിവിൽ ഡിഫൻസ് ആൻഡ്​ ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി .

മസ്​കത്ത് ഗവർണറേറ്റുകളിൽ രാവിലെ മുതൽ തന്നെ മൂടിക്കെട്ടിയ കാലാവസ്ഥയാണ്.എന്നാൽ ചില ഭാഗങ്ങളിൽ നേരിയ മഴയും ആരംഭിച്ചിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ അടക്കം നിരവധി ഗവർണറേറ്റുകളിൽ രാവിലെ മുതൽതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. അന്തരീക്ഷ താപനില 30 സെൽഷ്യസ് വരെ കുറഞ്ഞിട്ടുണ്ട്. നീരൊഴുക്ക് വർധിക്കുന്നതിനാൽ വാദികൾ ശക്തിപ്രാപിക്കാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്.

വരും മണിക്കൂറുകളിൽ ഒമാനിലെ വിവിധ ഗവർണ​ററ്റുകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. മസ്​കത്ത്, ദാഖിലിയ്യ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ, ബുറൈമി, ദാഖിറ എന്നീ ഗവർണറേറ്റുകളിലാണ് ശക്തമായ മഴക്ക് സാധ്യതയെന്നും അധികൃതർ വ്യക്തമാക്കി. ഇതിൽ പല ഗവർണറേറ്റുകളിലും മഴ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്​ച വരെയാണ് മഴ പ്രവചിക്കപ്പെട്ടത്​. മഴയും മൂടൽമഞ്ഞും പൊടിക്കാറ്റും കാരണം ചില ഗവർണറേറ്റുകളിൽ ദൂരക്കാഴ്​ച കുറയാനും സാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

Related News