കോവിഡ് വാക്സിനേഷന് ശേഷവും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ അധികാരികള്‍

  • 29/05/2021

കുവൈത്ത് സിറ്റി : കോവിഡ് വാക്സിനേഷന് ശേഷവും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന്  ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് വാകിസിനേഷന് ശേഷവും കരുതലും ജാഗ്രതയും ഏറെ ആവശ്യമാണെന്ന്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ തുടര്‍ന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചത്. വാക്സിനേഷന്‍ കഴിഞ്ഞാലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും  സാമൂഹ്യ അകലം പാലിക്കണമെന്നും  സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.കുവൈത്തില്‍ നല്‍കുന്ന  ഫൈസര്‍ വാക്സിന്‍ ആദ്യ ഡോഡ് എടുത്ത് നാല് ആഴ്ചകൾക്കു ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. ഇതിനുശേഷം രണ്ടാഴ്ച കൂടി വേണം വാക്സീന്റെ പൂർണഫലം ലഭിക്കാൻ. 

വാക്സിനുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ഉയർന്ന രോഗപ്രതിരോധ ശേഷിയുണ്ടാവുമെങ്കിലും രോഗ വാഹകരാകുവാന്‍ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്.ഒരു വാക്സിനും കൊറോണ വൈറസിനെതിരെ 100 ശതമാനം സംരക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ അണുബാധയ്ക്കും മരണത്തിനുമുള്ള സാധ്യതയും അവശേഷിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.വാക്സിനെടുക്കാത്തവരിലേക്ക് രോഗമെത്താതെ നോക്കുകയാണ് പ്രധാനം. മാത്രമല്ല, കുട്ടികൾക്കും നിലവിൽ വാക്സിൻ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ മാസ്സ് തുടരുന്നതാണ് ഉചിതമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നേരത്തെ വാക്‌സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കയും ഇസ്രായേലും  പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളെ ശക്തമായി എതിര്‍ത്തു കൊണ്ട് പ്രശസ്തരായ ആരോഗ്യ പ്രവര്‍ത്തകരും മുന്നോട്ട് വന്നിട്ടുണ്ട്. 

അതിനിടെ മൊബൈൽ വാക്സിനേഷന്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ദിനം പ്രതി ആയിരക്കണക്കിന് ആളുകള്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസം കുവൈറ്റ് എയർപോർട്ടിലും കുവൈറ്റ് എയർവെയ്സ് പരിസരത്തും എട്ടായിരത്തിലേറെ  ആളുകള്‍ക്ക് വാക്സിനേഷന്‍ നല്കിയിരുന്നു. വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കാമ്പയിന്‍ ഊര്‍ജ്ജിതമാകുന്നതോടെ സെപ്റ്റംബറോടെ എല്ലാവര്‍ക്കും വാക്സിന്‍ നല്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Related News