കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്കും കേന്ദ്ര സഹായം ലഭ്യമാക്കണം : കെ.ഐ.സി

  • 05/07/2021

കുവൈത്ത് സിറ്റി : കോവിഡ് -19 മഹാമാരി മൂലം വിദേശത്തും, സ്വദേശത്തും വെച്ചു മരണമടഞ്ഞ പ്രവാസികളുടെ  കുടുംബങ്ങള്‍ക്കും, സുപ്രിം കോടതി വിധി പ്രകാരമുളള കേന്ദ്ര ഗവണ്‍മെന്റിന്റെ ധനസഹായം  ലഭ്യമാക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

ഗള്‍ഫ് മേഖലകളിലടക്കം നിരവധി പ്രവാസി മലയാളികള്‍ വിദേശത്ത് വെച്ചും മറ്റും കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 
നിലവിലെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്തിരുന്നു സ്ഥാപനങ്ങളില്‍ നിന്നും മറ്റും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാനുളള സാധ്യതയും വിരളമാണ്.

നാടിന്റെ പുരോഗതിയിലും, സമ്പദ്ഘടനയിലും വലിയൊരു പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തെ അവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍  സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

വരുമാനങ്ങള്‍ നിലച്ച്  എല്ലാ പ്രതീക്ഷകളും അസ്തമിച്ച നിലയില്‍ നാട്ടില്‍ കഴിയുന്ന മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമേകുന്ന സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറും ബന്ധപ്പെട്ടവരും ആവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ എംബസി അധികൃതര്‍ എന്നിവര്‍ക്കെല്ലാം നിവേദനം അയച്ചതായും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related News