ഒമാനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ

  • 08/07/2021

മസ്‌കറ്റ്: ഒമാനിൽ ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ചൊവ്വാഴ്ച ചേർന്ന സുപ്രീം കമ്മറ്റി യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ദുൽഹജ്ജ് പത്ത് മുതൽ 12 വരെയുള്ള മൂന്ന് ദിവസമായിരിക്കും സമ്പൂർണ ലോക്ക്ഡൗൺ. ഈ ദിവസങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടക്കും. മുസന്ദം ഗവർണറേറ്റിനെ സഞ്ചാരവലിക്കിൽ നിന്നും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ കൊവിഡ് കേസുകളും ആശുപത്രിയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണവും കുറവാണ്. 

ദോഫാറിലേക്ക് ഗവർണറേറ്റിന് പുറത്തുള്ളവർക്ക് പ്രവേശനം അനുവദിക്കാനും സുപ്രീം കമ്മറ്റി തീരുമാനിച്ചു. ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ച 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്വദേശികൾക്കും ഒമാനിലുള്ള പ്രവാസികൾക്കുമാണ് പ്രവേശനം. ഒമാനിലേക്ക് എട്ട് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂട്ടംചേർന്നുള്ള ബലി പെരുന്നാൾ പ്രാർത്ഥനകളും പരമ്പരാഗത പെരുന്നാൾ ചന്തകളും നടത്താൻ പാടില്ലെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. എല്ലാ ഒത്തുചേരലുകൾക്കും വിലക്കുണ്ടാകും.

ഒമാനിൽ നിലവിലുള്ള സായാഹ്ന ലോക്ക്ഡൗൺ വീണ്ടും നീട്ടി. വൈകുന്നേരം അഞ്ച് മണി മുതൽ പുലർച്ചെ നാല് മണി വരെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രിം കമ്മറ്റി തീരുമാനിച്ചു.  ജൂലൈ 16 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജുലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും. ലോക്ക്ഡൗൺ കാലയളവിൽ വൈകുന്നേരം അഞ്ച്  മണി മുതൽ പുലർച്ചെ നാല് മണി വരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തുചേരുന്നതിനും നിരോധനമുണ്ടാകും. ഒപ്പം വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനും സുപ്രിം കമ്മറ്റി നിർദേശിച്ചിട്ടുണ്ട്. 

Related News