സൗദി സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മസ്‍കത്തിലേക്ക് മടങ്ങി

  • 12/07/2021

റിയാദ്: രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തൈമൂർ അൽ സൈദ് മസ്‍കത്തിലേക്ക് മടങ്ങി. സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്റെ ക്ഷണം സ്വീകരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്.

സൗദി കിരീടാവകാശി  മുഹമ്മദ് ബിൻ സൽമാൻ 'നിയോം ബേ' വിമാനത്താവളത്തിൽ ഒമാൻ സുൽത്താനെ യാത്രയാക്കാനെത്തിയിരുന്നു. തനിക്കും അനുഗമിച്ച സംഘത്തിനും നൽകിയ ഊഷ്‍മളമായ സ്വീകരണത്തിന് സൗദി രാജാവ് സൽമാൻ ബിൻ അബ്‍ദുൽ അസീസ് അൽ സൗദിന്, സുൽത്താൻ ഹൈതം ബിൻ താരിക്ക്  ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഒമാൻ - സൗദി ഏകോപന സമിതിയുടെ രൂപീകരണം, മറ്റു മേഖലകളുമായി ബന്ധപ്പെട്ട ചർച്ചകൾ, കൂടിക്കാഴ്ചകൾ, ധാരണയിലായ കരാറുകൾ എന്നിവ ഇരു രാജ്യങ്ങൾ തമ്മിലുള്ള  സാഹോദര്യ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുമെന്നും ഒമാൻ ഭരണാധികാരി പ്രത്യാശ പ്രകടിപ്പിച്ചു.

Related News