കുവൈത്ത് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ആരംഭിച്ചു.

  • 17/08/2021

കുവൈത്ത് സിറ്റി : രാജ്യത്തെ ഏക സര്‍വ്വകലാശാലയായ കുവൈത്ത് യൂണിവേഴ്സിറ്റിയില്‍ 9390 വിദ്യാർത്ഥികളുടെ പ്രവേശനത്തിന് അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന കുവൈത്ത് യൂണിവേഴ്സിറ്റി കൗൺസിൽ മീറ്റിംഗിലാണ് ഇത് സംബന്ധമായ തീരുമാനമുണ്ടായത്. അതിനിടെ ബിരുദ പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ച 1902 പേരുടെ അപേക്ഷകള്‍ നിരസിച്ചതായും യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. സയന്‍സ് സ്ട്രീമിന് അപേക്ഷിച്ച  604 വിദ്യാർത്ഥികളുടേയും സാഹിത്യ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1298 അപേക്ഷകളുമാണ് തള്ളിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍  പഠന കോഴ്‌സുകള്‍  പൂര്‍ത്തിയാക്കി വരുന്നത്. ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രൊഫസര്‍മാര്‍ കുവൈത്ത് യൂണിവേഴ്‌സിറ്റിയില്‍ സേവനം ചെയ്തു വരുന്നുണ്ട്. 

1966 നവംബര്‍ 27 ന് കുവൈത്ത് മുന്‍ അമീര്‍ ഷേയ്ഖ് സബാഹ് അല്‍ സലേം അല്‍ സബാഹായിരുന്നു യൂണിവേഴ്സിറ്റി ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ 16 കോളേജുകള്‍ സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിഷന്‍ 2035 ന്‍റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന അൽ ഷദദിയയിലെ സബാഹ് അൽ സേലം യൂണിവേഴ്സിറ്റി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സര്‍വ്വകലാശാലയാണ്. ഏകദേശം 6,000,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള യൂണിവേഴ്സിറ്റി കനേഡിയൻ കൺസോർഷ്യമാണ് നിര്‍മ്മിക്കുന്നത്. 104 ജലധാരകളും പുന്തോട്ടങ്ങളും സെൻട്രൽ ഡിസ്ട്രിക്റ്റ് കൂളിംഗ്, യൂട്ടിലിറ്റി പ്ലാന്റുകൾ,വിവിധ കോളേജുകള്‍,യൂട്ടിലിറ്റി സർവീസ് ടണലുകൾ എന്നിവയും ഉൾക്കൊള്ളുന്നു. 17,000 -ലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന വിശാലമായ പാര്‍ക്കിംഗും സര്‍വ്വകലാശാലയില്‍ ഒരുക്കുന്നുണ്ട്.  

Related News