ഒമാനിലെ രാത്രി ലോക്ക്ഡൗണ്‍ ഇന്നു മുതൽ ഇല്ലാതാകും

  • 21/08/2021

മസ്‍കത്ത്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ നിലനിന്നിരുന്ന രാത്രി ലോക്ക്ഡൗണ്‍ ഇന്നു മുതൽ ഇല്ലാതാകും. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഞ്ചാരത്തിനും നിലനിന്നിരുന്ന  നിയന്ത്രണം അവസാനിക്കും. 

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുറവും മഹാവ്യാധിയെ പ്രതിരോധിക്കാൻ ഒമാൻ സർക്കാർ കൈക്കൊണ്ട നടപടികള്‍ പ്രയോജനം നൽകിത്തുടങ്ങുകയും ചെയ്‍ത പശ്ചാത്തലത്തിലാണ് സുപ്രീം കമ്മറ്റിയുടെ ഈ തീരുമാനം. അതേസമയം  രാജ്യത്ത് വാക്സിനേഷൻ ക്യാംപെയിൻ വളരെ വേഗത്തിൽ പുരോഗമിക്കുകയുമാണ്.

സെപ്‍തംബര്‍ ഒന്നു മുതൽ രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും  ഷോപ്പിങ് മാളുകളിലും പ്രവേശിക്കുന്നതിന് വാക്സിനേഷൻ  നിർബന്ധമാക്കിയിട്ടുണ്ട്. സാംസ്‍കാരിക, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ടത് നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കാനും സാധിക്കുകയുള്ളൂ. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകം.

Related News