ഒമാനിൽ എല്ലാ വിസകളുടെയും കാലാവധി നീട്ടി: പുതിയ വിസകൾ സെപ്തംബർ ഒന്നു മുതൽ അനുവദിച്ചു തുടങ്ങും

  • 26/08/2021

മസ്കത്ത്: ഒമാനില്‍ കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പുതിയ വിസകൾ അനുവദിക്കല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് പൊലീസ് ആന്‍റ് കസ്റ്റംസ് ഓപറേഷന്‍സ് അസി. ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി അറിയിച്ചു. സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടി.

രണ്ട് ഡോസ് വാക്സിന്‍ അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് വരാം. ഇതോടൊപ്പം ഈ വര്‍ഷം ജനുവരി മുതല്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ല. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ആര്‍.ഒ.പി വെബ്സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയത് മനസിലാക്കാന്‍ സാധിക്കും.

ആറുമാസത്തിലധികം സമയം രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സ്പോണ്‍സറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും മേജര്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി പറഞ്ഞു.

വിദേശികളുടെ വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സൈഫ് അല്‍ അബ്രിയും പറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

Related News