മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.64 കോടി രൂപ നൽകി 'മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്'

  • 31/08/2021


മസ്‍കത്ത്: കേരള  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമാനിലെ 'മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്' 1.64 കോടി രൂപ നൽകിയതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു. 2018ല്‍  കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്കായി ഒമാനിൽ ധനശേഖരണം നടത്താൻ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നൽകിയിരുന്നു. 

ഇതിലൂടെ സമാഹരിച്ച 1,64,24,832 രൂപയാണ് സംസ്ഥാന സര്‍ക്കാറിന് കൈമാറിയത്. തുക സ്വീകരിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം മസ്‍കത്ത്  ഇന്ത്യൻ സോഷ്യൽ ക്ലബിന് ലഭിച്ചു.

ധനസമാഹരണത്തിന് വേണ്ട സംഘടിത പ്രവർത്തനങ്ങൾ പരസ്യമായി നടത്താന് മൂന്ന് മാസത്തെ കാലാവധിയായിരുന്നു മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബിന് സാമൂഹ്യ ക്ഷേമ മന്ത്രാലയം 2018ൽ അനുവദിച്ചിരുന്നത്. 

അഞ്ചു കോടി രൂപയുടെ സഹായ പദ്ധതികള്‍  കേരളത്തിൽ നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു  സോഷ്യൽ ക്ലബ്  ലക്ഷ്യം വെച്ചിരുന്നത്.  മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന് പുറമെ ഒമാനിലെ വിവിധ  സാമൂഹ്യ സാംസ്‌കാരിക സംഘടനകളും 2018ലെ  പ്രളയക്കെടുതിയിൽ കേരളത്തിലേക്ക് സഹായങ്ങൾ എത്തിച്ചിരുന്നു.

Related News