പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണമെന്ന് ഒമാൻ

  • 06/09/2021


മസ്‍കത്ത്: ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച ഉത്തരവ് 60/2021 പ്രകാരമാണ് റസിഡന്റ് നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. സുൽത്താന്റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നു.

നേരത്തെ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കിയാൽ മതിയായിരുന്നു. കാരണം വ്യക്തമാക്കാതെ തന്നെ പുതിയ റസിഡന്റ് കാർഡ് അനുവദിക്കാതിരിക്കാനും പുതിക്കി നൽകാതിരിക്കാനും അവകാശമുണ്ടായിരിക്കുമെന്നും ഭേദഗതി വരുത്തിയുള്ള പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 

രാജ്യത്തെ സിവിൽ സ്റ്റാറ്റസ് നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പത്ത് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ സ്വദേശി പൗരന്‍മാരും തിരിച്ചറിയിൽ കാർഡ് സ്വന്തമാക്കണം. നേരത്തെ 15 വയസിന് മുകളിലുള്ളവർക്കാണ് ഐ.ഡി കാർഡ് നിർബന്ധമായിരുന്നത്.

Related News