എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തു: പിന്നാലെ ജീവനക്കാർ സമരത്തിലേക്ക്

  • 14/10/2021


ന്യൂഡെൽഹി: എയർ ഇന്ത്യയെ വാങ്ങിയത് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യയിലെ ജീവനക്കാർക്കിടയിൽ ചില മുറുമുറുപ്പുകൾ പുറത്തേക്ക് വരികയാണ്. എയർ ഇന്ത്യ ജീവനക്കാരിൽ എല്ലാവരും ടാറ്റ ഗ്രൂപ്പ് തങ്ങളെ ഏറ്റെടുത്തതിൽ സംതൃപ്തിയുള്ളവരല്ലെന്നാണ് വ്യക്തമാകുന്നത്.

എയർ ഇന്ത്യയുടെ ഗ്രൗണ്ട് സ്റ്റാഫും സർവീസ് എഞ്ചിനീയേർസുമാണ് ഇപ്പോൾ സമരകാഹളം മുഴക്കിയിരിക്കുന്നത്. നവംബർ രണ്ട് മുതൽ അനിശ്ചിതകാല സമരം എന്നാണ് പ്രഖ്യാപനം. അതിന് കാരണമായതാകട്ടെ കമ്പനി നൽകിയ ഒരു നോട്ടീസും. ടാറ്റ ഗ്രൂപ്പ് കമ്പനിയെ ഏറ്റെടുത്ത് അടുത്ത ആറ് മാസത്തിനുള്ളിൽ സ്റ്റാഫ് ക്വാർട്ടേർസ് ഒഴിയണമെന്ന നിബന്ധനക്ക് എതിരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ 15 നുള്ളിൽ വീടൊഴിയാമെന്ന് എഴുതിക്കൊടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടതോടെയാണ് ഇവർ സമരകാഹളം മുഴക്കിയിരിക്കുന്നത്. എയർ ഇന്ത്യയുടെ 7000ത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും എയർ ഇന്ത്യ കോളനികളിലാണ് താമസിക്കുന്നത്.

18000 കോടി രൂപാ വാഗ്ദാനം ചെയ്താണ് ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എയർ ഇന്ത്യയെ ഏറ്റെടുത്തത്. എയർ ഇന്ത്യ ജീവനക്കാരും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും ഇനി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇവരെ ഒരു വർഷത്തേക്ക് പിരിച്ചുവിടാനാവില്ല. അടുത്ത വർഷം പിരിച്ചുവിട്ടാലും വിആർഎസ് കൊടുക്കണം. അതിന് പുറമെ ഗ്രാറ്റുവിറ്റി, പിഎഫ് ആനുകൂല്യങ്ങളും ഇവർക്ക് നൽകണം.

Related News