ആര്യന് നമ്പര്‍ 956; പ്രാർഥനയിൽ ഗൗരി, ഉറക്കമില്ലാതെ ഷാറുഖ്

  • 16/10/2021

ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായ സാഹചര്യത്തിൽ ‘മന്നത്തിലെ’ നവരാത്രി ആഘോഷങ്ങളെല്ലാം ഷാറുഖ് വേണ്ടെന്നുവച്ചു. ആര്യന് വേണ്ടി നവരാത്രി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളുമായി കഴിയുകയാണ് അമ്മ ഗൗരി. 

ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് ​ഗൗരി പ്രാർഥനയിലാണെന്നും സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷാറുഖെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആര്യന് ഉടൻ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും. എന്നാൽ ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജി വിധി പറയാൻ ഒക്ടോബര്‍ 20-ലേക്ക് മാറ്റിയതോടെ ഇവരെല്ലാം നിരാശയിലായി.

സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഇടക്കിടെ മന്നത്തിലേക്ക്  വരരുതെന്ന് ഷാറുഖ് നേരത്തെ അഭ്യർഥിച്ചിരുന്നു. താരങ്ങളെ കാണാൻ‌ മന്നത്തിന് മുന്നിൽ ആരാധകരും പാപ്പരാസികളും മാധ്യമങ്ങളും തടിച്ചുകൂടുന്നത് കണക്കിലെടുത്താണ് ഷാറുഖ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. 

ഷാറുഖിന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സൽമാൻ ഖാൻ ഇതിനോടകം മൂന്ന് തവണ താരകുടുംബത്തെ സന്ദർശിച്ചിരുന്നു. കോടതിയിൽ പോകുന്നതിനും മറ്റുസഹായങ്ങൾക്കുമായി സൽമാനും സംവിധായകൻ സാജിദ്ഖാനുമാണ് ഷാറുഖിനൊപ്പമുള്ളത്.

മകൻ അറസ്റ്റിലായതോടെ തന്റെ മുഴുവന്‍ പ്രോജക്ടുകളും ഷാറുഖ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അജയ് ദേവ്ഗണുമൊത്തുള്ള പരസ്യത്തിന്റെ കരാർ റദ്ദാക്കി. പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചു.

എട്ടാം തീയതി മുതൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യന് എൻ 956 എന്ന നമ്പർ നൽകി. മാതാപിതാക്കളായ ഷാറുഖ് ഖാൻ-ഗൗരി ഖാൻ എന്നിവരുമായി ഇന്നലെ വിഡിയോ കോളിലൂടെ സംസാരിച്ചു. ജയിൽ കന്റീനിൽ നിന്ന് ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങാൻ 4,500 രൂപ ആര്യനു വീട്ടിൽ നിന്നു മണിഓർഡർ ലഭിച്ചിട്ടുണ്ടെന്നും പുറത്തുനിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിതെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു. കുപ്പിവെള്ളം കുടിച്ചും ബിസ്കറ്റ് കഴിച്ചുമാണ് ദിവസങ്ങൾ നീക്കുന്നതെന്നും കന്റീൻ ഭക്ഷണം വളരെക്കുറച്ചേ ഉപയോഗിക്കുന്നുള്ളുവെന്നുമാണു റിപ്പോർട്ടുകൾ. ശുചിമുറി സൗകര്യങ്ങളോടു പൊരുത്തപ്പെടാനാകുന്നില്ലെന്നും പറയുന്നു.

Related News