കൂട്ടിക്കലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ 5 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 8

  • 17/10/2021

തിരുവനന്തപുരം/ കോട്ടയം∙ ഉരുൾപ്പൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ അഞ്ചു പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. ഒടുവിൽ കണ്ടെടുത്തത് കാവാലിയിൽനിന്ന് സ്ത്രീയുടെ മൃതദേഹമാണ്. ഇന്നലെ കാവാലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചിരുന്നു. ഇതോടെ കൂട്ടിക്കലിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഇനി കണ്ടെത്താനുള്ള അഞ്ചു പേർക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടങ്ങി. ഏന്തയാറിൽ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കൽ എന്നയാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി.  എറണാകുളം, കോട്ടയം അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ 40 പേർ അടങ്ങുന്ന സംഘമാണ് കൂട്ടിക്കലിൽ തിരച്ചിൽ നടത്തുന്നത്. ഇടുക്കി കൊക്കയാറിലും എട്ടുപേര്‍ക്കായി തിരച്ചില്‍. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും. 

കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട, മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. നഗരത്തില്‍ ഇടവിട്ട് മഴയാണ്. വടക്കന്‍ ജില്ലകളില്‍ ആശ്വാസം. കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.

കോട്ടയത്ത് മഴ കുറഞ്ഞതിനെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മണിമലയില്‍ വെള്ളം ഉയരുന്നു.  ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മണിമലയാര്‍ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലില്‍ 70 വീടുകളില്‍ വെള്ളം കയറി. മല്ലപ്പളളി ടൗണിലടക്കം സ്ഥിതി ഗുരുതരം, ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി. അച്ചന്‍കോവിലാറിലും പമ്പയാറ്റിലും വെള്ളം താഴ്ന്നില്ല, വീയപുരത്തും വെള്ളക്കെട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ കുട്ടിക്കലില്‍ പുലര്‍ച്ചെയും മഴയുണ്ട്. ആലപ്പുഴയിൽ  രാത്രിയിലും ഇടവിട്ട് ശക്തമായ മഴയാണ്. ചെങ്ങന്നൂരിലെ മുളക്കുഴ, ഇടനാട് മേഖലകളില്‍  വീടുകളില്‍ വെള്ളം കയറി. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും  താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. നഗരത്തില്‍ ഇടവിട്ട് മഴയുണ്ട്.

Related News