തങ്ങള്‍ സൗകര്യമൊരുക്കി, മോദി സ്‌കൂളില്‍ പോയില്ല; നിരക്ഷരനെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്

  • 19/10/2021

ബെംഗളൂരു: രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകത്തിൽ കനത്ത രാഷ്ട്രീയ പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നടപടി വിവാദമായി. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്.

'കോൺഗ്രസ് സ്കൂളുകൾ പണിതു, എന്നാൽ മോദി ഒരിക്കലും പഠിക്കാൻ പോയില്ല. മുതിർന്നവർക്ക് പഠിക്കാനും കോൺഗ്രസ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. മോദി അതും പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അത് തിരഞ്ഞെടുത്ത ആളുകൾ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുകയാണ്. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു' കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു.

കോൺഗ്രസിന് മാത്രമേ ഇത്രയും തരംതാഴാൻ ആകൂവെന്നാണ് ഇതിനോട് ബിജെപി പ്രതികരിച്ചത്. ഒരു തരത്തിലുള്ള മറപടിയും അർഹിക്കാത്തതാണ് കോൺഗ്രസിന്റെ പ്രതികരണമെന്നും ബിജെപി വാക്താവ് മാളവിക അവിനാഷ് പറഞ്ഞു.

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്ന് ഇത്തരമൊരു ട്വീറ്റ് വന്നത് പരിശോധിക്കുമെന്ന് കോൺഗ്രസ് വാക്താവായ ലാവണ്യ ബല്ലാൽ വ്യക്തമാക്കി. സംഭവം നിർഭാഗ്യകരമാണെന്നും പറഞ്ഞ അവർ ട്വീറ്റ് പിൻവലിക്കുകയോ മാപ്പ് പറയുകയോ വേണ്ടതില്ലെന്നും പ്രതികരിച്ചു.

സിന്ദഗി, ഹംഗാൽ എന്നീ മണ്ഡലങ്ങളിൽ ഒക്ടോബർ 30-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകളിലെ എംഎൽഎമാരായിരുന്ന ജനതാദൾ, ബിജെപി പ്രതിനിധികൾ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ ബിജെപിക്ക് നിർണായകമാണ് ഉപതിരഞ്ഞെടുപ്പ്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആത്മവിശ്വാസം കൈവരിക്കാൻ കോൺഗ്രസിനും പ്രധാനമാണ്.

Related News