കേരളത്തിന് ദുരന്തകാലം സമ്മാനിക്കുന്നത് തുടരുമ്പോഴും അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ സർക്കാർ

  • 19/10/2021


കോഴിക്കോട്: അനധികൃത ക്വാറികളും മണ്ണെടുപ്പും കേരളത്തിന് ദുരന്തകാലം സമ്മാനിക്കുന്നത് തുടരുമ്പോഴും അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ സർക്കാർ. സംസ്ഥാനത്ത് റവന്യൂപുറമ്പോക്ക് ഭൂമിയിൽ ക്വാറികൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ടെൻഡർ നടപടികൾ മുന്നോട്ട് പോയാൽ ഉടൻ ക്വാറികൾക്ക് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലർ പുറത്തായി. ഈവർഷം ജൂലൈ രണ്ടാംതീയതിയാണ് ലാൻഡ് റവന്യൂ കമ്മീണറുടെ പേരിൽ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഓരോ താലൂക്കിലേയും റവന്യൂ ഡിവിഷണൽ ഓഫീസർമാരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ച് ഇത്തരത്തിലുള്ള ഭൂമി കണ്ടെത്താനുള്ള നടപടികൾ എടുക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് സർക്കുലറിൽ നിർദേശമുണ്ടെങ്കിലും കേരളത്തിന്റെ മലയോരങ്ങളെല്ലാം ഉരുൾപൊട്ടൽ മണ്ണിടിച്ചൽ ഭീഷണിയിലാണുള്ളത്. അതുകൊണ്ട് തന്നെ പുതിയ ക്വാറികൾ ഇനിയും കേരളത്തിലുണ്ടായാൽ ദുരന്തങ്ങളുടെ പെരുമഴ തന്നെ കാണേണ്ടി വരുമെന്നും പരിസ്ഥിതി പ്രവർത്തകർ ഓർമിപ്പിക്കുന്നു.

സംസ്ഥാനത്താകെ ഇപ്പോൾ അയ്യായിരത്തിലധികം ക്വാറികളുള്ളതായാണ് കണക്ക്. ചെറുതും വലുതുമായ 5924 ക്വാറികളാണ് പലയിടങ്ങളിലായി പ്രവർത്തിക്കുന്നത്. ഇതിന് പുറമെയാണ് റവന്യൂ പുറമ്പോക്കിൽ പുതിയ ക്വാറികൾ കണ്ടെത്തണമെന്ന് നിർദേശമുള്ളത്. ഇത്തരത്തിൽ ഏകദേശം 2500 ഓളം സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 2018 മുതലിങ്ങോട്ട് പ്രവചനാതീതമാണ് കേരളത്തിന്റെ കാലാവസ്ഥ. കാലം തെറ്റി പെയ്യുന്ന മഴയും ലഘുമേഘ വിസ്ഫോടനങ്ങളമുണ്ടാക്കുന്ന ദുരന്തങ്ങൾ മലയോരത്തെ താമസം തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

കോഴിക്കോട്ട് കട്ടിപ്പാറയിലും വയനാട് പുത്തുമലയിലും കവളപ്പാറയിലും ഒടുവിൽ കക്കയാറിലും മുണ്ടക്കയത്തുമെല്ലാമുണ്ടായത് ലഘു മേഘ വിസ്ഫോടനം തന്നെയാണെന്ന വിലയിരുത്തലിലാണ് വിദഗ്ധരുമുള്ളത്. ഇവിടങ്ങളുടെ സമീപത്തെല്ലാം ചെറുതും വലുതുമായ ക്വാറികളും അനധികൃത നിർമാണങ്ങളുമുണ്ടെന്നതും ഗൗരവത്തിലേ എടുക്കുന്നില്ല സർക്കാരും ബന്ധപ്പെട്ടവരും. ഇതിന്റെ തുടർച്ച തന്നെയാണ് റവന്യൂ ഭൂമിയിൽ പാട്ടക്കരാർ അടിസ്ഥാനത്തിൽ നീണ്ട വർഷത്തേക്ക് പുതിയ ക്വാറികൾക്കായുള്ള സ്ഥലങ്ങൾ കണ്ടെത്തി ടെൻഡർ നടപടികളുമായി മുന്നോട്ട് പോവാൻ നിർദേശിച്ചിരിക്കുന്നത്.

ഹെക്ടറിന് വർഷത്തിൽ പത്ത് ലക്ഷം രൂപ നിരക്കിൽ 12 ത്തേക്കാണ് ക്വാറി നടത്താൻ അനുമതി നൽകേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ഹെക്ടറിന് താഴെയാണ് ഭൂമിയെങ്കിൽ ഫീസ് നിശ്ചയിച്ച് ക്വാറി പെർമിറ്റ് നൽകും. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ, റെഡ് സോണുകൾ എന്നിവിടങ്ങളിലൊന്നും സ്ഥലം കണ്ടെത്തേണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഈവർഷം ഡിസംബർ 15 ന് ഉള്ളിൽ എൻ.ഒ.സി നടപടി പൂർത്തീകരിക്കണമെന്നാണ് ജില്ലാകളക്ടർമാർക്ക് നൽകിയ നിർദേശം.

Related News