അണക്കെട്ടുകൾ തുറന്നിട്ടും നദികളിൽ കാര്യമായി ജലനിരപ്പുയർന്നില്ല: ജാഗ്രതാ തുടരും

  • 19/10/2021

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അണക്കെട്ടുകളിലെ വെള്ളം തുറന്ന് വിട്ടെങ്കിലും നദികളിൽ കാര്യമായി ജലനിരപ്പുയർന്നിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ തുടരണമെന്നാണ് നിർദേശം. മഴ മാറി മാനം തെളിഞ്ഞതോടെ പ്രളയഭയം അകലുകയാണ്. കക്കി ആനത്തേട് അണക്കെട്ടിൽ നിന്ന് ഇന്നലെ തുറന്നു വിട്ട വെള്ളം പ്രതീക്ഷ അത്ര പ്രതിസന്ധിയുണ്ടാക്കായില്ല. നിലവിലെ ജലനിരപ്പ് വിലയിരുത്തി കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ 60 സെൻ്റീമീറ്ററിൽ നിന്ന് 90 ആക്കി ഉയർത്തി.

200 ക്യുമെക്സ് വെള്ളം ആണ് നിലവിൽ ഒഴുക്കിവിടുന്നത്. ഇന്ന് പുലർച്ചെ രണ്ട് ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതം തുറന്ന പമ്പ അണക്കെട്ടിൽ ഉച്ചയോടെ 45 സെൻ്റിമീറ്റർ ആയി ഉയർത്തി. പമ്പയിൽ പരമാവധി 10 സെൻ്റീമീറ്റർ വരെയാണ് ജലനിരപ്പ് ഉയരുന്നത്. ആരോഗ്യ മന്ത്രിയുടെ നേത്യത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. അച്ചൻകോവിൽ ആറ്റിൽ നിന്നും വെള്ളം കയറിയ പന്തളം തുമ്പമൺ നരിയാപുരം കടയ്ക്കട് മേഖലകളിൽ വീടുകളിൽ നിന്നും റോഡിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും സമയമെടുക്കുന്നുണ്ട്.

എൻഡിആർഎഫ് സംഘവും മത്സ്യ തൊഴിലാളികളുടെ ബോട്ടുകളും വിവിധ ഇടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. മണിമല ആറിൻ്റെ തീരത്ത് മല്ലപ്പള്ളി അടക്കമുള്ള മേഖലകളിലും വെള്ളം പൂർണമായും ഇറങ്ങി. തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. അമിച്ചകരിയിൽ വെള്ളകെട്ടിൽ വീണ് വയോധികൻ മരിച്ചു. നെടുമ്പുറം വലിയവീട്ടിൽ പറമ്പിൽ രവീന്ദ്രൻ പണിക്കർ ആണ് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.  ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

Related News