സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  • 21/10/2021

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്. ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.


തെക്കൻ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിർദേശമുണ്ട്. അതേസമയം, സംസ്ഥാനത്തെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ മഴയുണ്ട്. എറണാകുളം കടവൂർ, നേര്യമംഗലം വില്ലേജുകളിൽ ആർആർടി സംഘത്തെ നിയോഗിച്ചു. പാലക്കാട്, വടക്കഞ്ചേരി ഓടന്തോട് പ്രദേശത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിൽ ആളപായമില്ല.

കോട്ടയം ജില്ലയിൽ മലയോര മേഖലകളിൽ പെയ്ത മഴയ്ക്ക് ശമനമുണ്ടായി. കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഭാഗങ്ങളിലും, തീക്കോയി, തലനാട്, പൂഞ്ഞാർ പ്രദേശത്തുമാണ് ശക്തമായി മഴ പെയ്തത്. രണ്ടിടങ്ങളിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. തീക്കോയ് 30 ഏക്കറിലും, മംഗളഗിരിയിലുമാണ് മണ്ണിടിഞ്ഞത്. ആളപായമില്ല. മഴയിൽ മീനച്ചിലാറ്റിലും, മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നെങ്കിലും ഒരിടത്തും അപകടനിലയിൽ എത്തിയിട്ടില്ല. ജാഗ്രതാ നിർദേശത്തെ തുടർന്ന് അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.

മഴ ശക്തമായതോടെ പത്തനംതിട്ട കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകളും 90 സെന്റിമീറ്ററിൽ നിന്ന് 60 സെന്റിമീറ്റർ ആയി താഴ്ത്തി. നദികളിൽ ജലനിരപ്പ് ഉയരാതിരിക്കാൻ പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് 100 ക്യുമക്‌സായി കുറച്ചു. ജില്ലയിൽ ഇന്നലെ വൈകുന്നേരം മുതൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുന്നുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.





Related News