ഇഴഞ്ഞിഴഞ്ഞ് വിഴിഞ്ഞം: അദാനി ഗ്രൂപ്പിനെ പഴിചാരി സര്‍ക്കാര്‍; ആരോപണങ്ങള്‍ നിഷേധിച്ച് കമ്പനി

  • 22/10/2021

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം വൈകിപ്പിക്കുന്ന അദാനിയുടെ നടപടിയിൽ സർക്കാരിന് അതൃപ്തി. കരിങ്കൽ ക്ഷാമം പറയുന്ന അദാനി 2018ൽ മാത്രമാണ് ക്വാറിക്കായി സർക്കാരിന് അപേക്ഷ നൽകിയതെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഏതാണ്ട് പതിനാല് മാസങ്ങൾ കൊണ്ട് പറ്റാവുന്ന അനുമതി നൽകിയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും കർണാടകയിലും കല്ല് കാണിച്ചുകൊടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് കല്ല് വാങ്ങി പദ്ധതി പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


എന്നാൽ, ആക്ഷേപങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു. ആദ്യം ലഭിച്ചത് ആവശ്യത്തിന് കരിങ്കല്ല് ഇല്ലാത്ത ക്വാറിയാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. കല്ല് ശേഖരിക്കാനുള്ള ശ്രമങ്ങൾ 2016 മുതൽക്ക് തന്നെ ആരംഭിച്ചിരുന്നു. പ്രകൃതിക്ഷോഭങ്ങളും മറ്റും പണി ഇഴയുന്നതിന് കാരണമായി. നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ മറ്റ് തടസങ്ങളില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

2022 നവംബറിൽ വിഴിഞ്ഞ തുറമുഖം തുറക്കണമെന്ന ആവശ്യമാണ് സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ 2023 ഡിസംബറിൽ മാത്രമേ പദ്ധതി പൂർത്തിയാവുകയുള്ളൂ എന്നാണ് അദാനി പോർട്ട് സി.ഇ.ഒ രാജേഷ് ഝാ നേരത്തെ പ്രതികരിച്ചത്. 2015 ഡിസംബറിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിൽ ഒപ്പിട്ടത്.



Related News