റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാർത്ഥം; വ്യാജ രേഖ ചമച്ചതിൽ മോൻസൺ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

  • 22/10/2021

ഡിആർഡിഒ വ്യാജരേഖ കേസിൽ മോൻസൺ മാവുങ്കലിന്റെഅറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി . റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ വിൽപനക്കായി ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ ചമച്ചതിനാണ് കേസ്. ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ നൽകിയെന്ന രീതിയിലാണ് മോൻസൺ രേഖ ഉണ്ടാക്കിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

ഇക്കാര്യം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഡിആർഡിഒയ്ക്ക് കത്ത് നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യാജ രേഖ ചമച്ചതിന് മോൻസനെതിരെ കേസ് രജിസ്റ്റർ ചെയ്തതും. ഇതോടെ മോൻസനെതിരായ കേസുകളുടെ എണ്ണം ആറായി.

ഇതിനിടെ മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് അനിത പുല്ലയിലിന്റെ മൊഴിയെടുത്തത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളിൽ അനിത പുല്ലയിലിനോട് ക്രൈംബ്രാഞ്ച് വിവരം തേടി. മോൻസണും അനിതയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിത പുല്ലയിലിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മോൻസൺ മാവുങ്കലുമായി തനിക്ക് സാമ്പത്തിക ഇടപാടില്ലെന്ന് അനിത പുല്ലയിൽ പറഞ്ഞു.


Related News