അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി; അച്ഛന്റെ പേരും വിലാസവും തെറ്റായി നല്‍കി

  • 22/10/2021

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും തിരിമറി. കുട്ടിയുടെ അച്ഛന്റെ പേരും മേൽവിലാസവും തെറ്റായാണ് ജനനസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അച്ഛൻ അജിത്തിന്റെ പേരിന് പകരം ജയകുമാർ എന്ന പേരാണ് ജനനസർട്ടിഫിക്കറ്റിൽ കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് നൽകിയിരിക്കുന്നത്. കവടിയാർ കുറവൻകോണം സ്വദേശിയാണ് അജിത്. എന്നാൽ ജനനസർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്നത് തിരുവനന്തപുരം മണക്കാടുള്ള ഒരു മേൽവിലാസമാണ്.

കുട്ടിയെ അനുപമയിൽ നിന്ന് ഒഴിവാക്കാൻ ആസൂത്രിതമായ നീക്കങ്ങളാണ് ഓരോ ഘട്ടത്തിലും നടന്നുവെന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാട്ടാക്കടയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അനുപമ 2020 ഒക്ടോബർ 19ന് ആൺകുട്ടിക്ക് ജന്മം നൽകിയത്. അവിടെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കേറ്റ് നൽകിയിരുന്നത്.

പഞ്ചായത്ത് നൽകിയ ജനനസർട്ടിഫിക്കേറ്റിൽ കുട്ടിയുടെ അമ്മയുടെ പേരിന്റെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രൻ എന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ഒരു ജയകുമാർ സി എന്ന വ്യക്തിയുടെ പേരാണ് നൽകിയിരിക്കുന്നത്. കുട്ടിയെ അനുപമയിൽ നിന്ന് വേർപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കം അവർ ഗർഭിണിയായി ഒൻപതാം മാസം മുതൽ തന്നെ ആരംഭിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Related News