സ്വര്‍ണക്കടത്ത് ഇന്റലിജന്‍സ് അറിഞ്ഞിരുന്നു; റിപ്പോര്‍ട്ട് ശിവശങ്കര്‍ ചോര്‍ത്തിയെന്നും കുറ്റപത്രം

  • 23/10/2021

കൊച്ചി:നയതന്ത്ര സ്വർണക്കടത്ത് സംസ്ഥാന പോലീസ് ഇന്റലിജൻസ് അറിഞ്ഞിരുന്നെന്ന് കസ്റ്റംസ് കുറ്റപത്രത്തിൽ വെളിപ്പെടുത്തൽ. മുൻ ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഈ ഇന്റലിജൻസ് റിപ്പോർട്ട് സ്വപ്നാസുരേഷിനും പി.എസ്. സരിത്തിനും ചോർത്തിക്കൊടുത്തതായും കണ്ടെത്തൽ. ശിവശങ്കറിനെ പ്രതിചേർക്കാനുള്ള കസ്റ്റംസിന്റെ പ്രധാന കണ്ടെത്തലും ഇതാണ്. ഇന്റലിജൻസ് റിപ്പോർട്ട് ചോർത്തിയെന്നത് ചോദ്യംചെയ്യലിന്റെ ഒരുഘട്ടത്തിലും ശിവശങ്കർ സമ്മതിച്ചിട്ടില്ല. ശിവശങ്കറിന്റെ മൊഴി വിശ്വസനീയമല്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.


ചോദ്യംചെയ്യലിൽ 2020 നവംബർ 27-നും 28-നുമുള്ള സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളിലാണ് ശിവശങ്കർ റിപ്പോർട്ട് ചോർത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന പോലീസിന് കോൺസുലേറ്റ് വഴിയുള്ള കള്ളക്കടത്തിനെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും ശിവശങ്കർ പറഞ്ഞതായാണ് ഇരുവരും മൊഴിനൽകിയിരിക്കുന്നത്. നയതന്ത്രചാനൽ വഴിയുള്ള കള്ളക്കടത്ത് നിർത്താൻ ആവശ്യപ്പെട്ടെന്നും തനിക്ക് ജോലി തരപ്പെടുത്തിത്തരാമെന്നും ശിവശങ്കർ പറഞ്ഞതായി സരിത്ത് മൊഴിനൽകി.

എന്നാൽ, ശിവശങ്കർ ഈ മൊഴികളെ തള്ളി. ഒരു സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയെ സരിത്തിന്റെ ഭാര്യ ചില അന്വേഷണങ്ങൾക്കായി ചുമതലപ്പെടുത്തിയ കാര്യമാണ് പറഞ്ഞതെന്നും അവർ തമ്മിലുള്ള വിവാഹമോചനത്തിന്റെ ഭാഗമായാണതെന്നുമാണ് ശിവശങ്കർ മൊഴിനൽകിയത്. എന്നാൽ, സരിത്തിന്റെ ഭാര്യയും ഭാര്യാപിതാവും ഇത്തരമൊരു ഡിക്ടറ്റീവ് ഏജൻസിയെക്കുറിച്ച് അറിയില്ലെന്നും വിവാഹമോചന ഹർജിക്കൊപ്പം ഇത്തരമൊരു റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ലെന്നും കസ്റ്റംസിനെ അറിയിച്ചു.

കുറ്റകൃത്യങ്ങൾ ചെയ്യാൻ മടിയില്ലാത്തവർക്ക് ഇന്റലിജൻസ് റിപ്പോർട്ട് ചോർത്തിനൽകിയതും നയതന്ത്രപരിരക്ഷ ദുരുപയോഗം ചെയ്യാൻ അറിഞ്ഞുകൊണ്ട്‌ കൂട്ടുനിന്നതുമാണ് ശിവശങ്കറിന്റെ പേരിൽ പ്രധാന കുറ്റകൃത്യമായി ചേർത്തിരിക്കുന്നത്.


Related News