മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇന്ന് 138 അടിയില്‍ എത്തില്ല; സ്ഥിതി കോടതിയെ അറിയിക്കുമെന്ന് മന്ത്രി

  • 31/10/2021

ഇടുക്കി: സ്പിൽവേ ഷട്ടറുകൾ തുറന്ന് മൂന്നാം ദിവസവും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവിൽ എത്തിയില്ല. ജലനിരപ്പ് അൽപ്പം താഴ്ന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിലവിൽ 138.80 അടിയാണ് ജലനിരപ്പ്. റൂൾകർവ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ അവസ്ഥയിൽ എത്തില്ലെന്നും സ്ഥിതിഗതികൾ മേൽനോട്ടസമിതിയേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്നാട് ഇതിനോടകം വർധിപ്പിക്കേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇന്നലെ നാല് മണി മുതൽ 1299 ഘനഅടി ജലം കൂടി സ്പിൽവേ ഷട്ടറുകൾ വഴി ഒഴുക്കി വിടുന്നുണ്ട്. ഇത് 7000 വരെ എത്തിയാലും ആശങ്ക വേണ്ടെന്നും. 7000ത്തിലേക്ക് എത്തിയാൽ പോലും സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൃഷി മന്ത്രി പി. പ്രസാദിനൊപ്പം മുല്ലപ്പെരിയാർ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന സാഹചര്യത്തിൽ വള്ളക്കടവ് മുതലുള്ള ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. മുല്ലപ്പെരിയാറിൽ മുന്നറിയിപ്പ് നൽകാൻ ഇനിയും ഒരടി കൂടി ബാക്കിയുണ്ട്. അത് അപകടകരമായ നിലയിലേക്ക് എത്തിയതായി കണക്കാക്കണമെങ്കിൽ രണ്ടടി കൂടി ഉയരണം. കാലാവസ്ഥയും മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതൽ ജലം കൊണ്ടുപോകുന്നതിനെകുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

138 അടിയിലേക്ക് എത്തുന്നതിന് വേണ്ട നടപടികളൊന്നും തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഓരോ പോയിന്റിലുമുള്ള കാര്യങ്ങൾ സുപ്രീം കോടതിയെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 12 മണിക്ക് മുൻപായി 138 അടിയിലേക്ക് എത്തുകയെന്നത് ഇനി ഉണ്ടാകില്ലെന്നും അത് സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി പരിഗണിച്ചാൽ പോലും ഇത് കുറവാണ്. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഇല്ലായിരുന്നെങ്കിൽ ഇടുക്കിയിൽ ജലനിരപ്പ് ഇനിയും കുറയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാർ വിഷയത്തെ കൂടുതൽ ഗൗരവമായി കാണുന്നുവെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് മന്ത്രിമാർ തന്നെ നേരിട്ട് നേതൃത്വം നൽകണമെന്ന് മന്ത്രിസഭ തീരുമാനിച്ചതെന്നും കൃഷി മന്ത്രി പി. പ്രസാദും പറഞ്ഞു.


Related News