കല്യാണം വേണ്ടെന്ന് ചൈനക്കാര്‍, വിവാഹ, ജനനനിരക്ക് കുത്തനെ കുറഞ്ഞു

  • 25/11/2021


ബെയ്ജിങ്: ചൈനയിൽ ജനനനിരക്ക് കുറയുന്നതോടൊപ്പം, വിവാഹിതരാകുന്നവരുടെ എണ്ണത്തിലും കുറവു സംഭവിക്കുന്നെന്ന് ഔദ്യോഗിക കണക്കുകൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന നിലവിൽ നേരിടുന്ന ജനസംഖ്യാപ്രതിസന്ധിയെ ഇത് രൂക്ഷമാക്കുമെന്ന് ചൈന സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക് 2021-ന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം തുടർച്ചയായ ഏഴുകൊല്ലവും കുറഞ്ഞു. 17 കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു കഴിഞ്ഞകൊല്ലം. 2021-ന്റെ ആദ്യ മൂന്നു പാദങ്ങളിൽ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്. 2020-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അല്പം കുറവാണിത്. ജനനനിരക്കും കുറയുന്നു. കഴിഞ്ഞകൊല്ലം 0.852 ശതമാനമായിരുന്നു രാജ്യത്തെ ജനനനിരക്ക്. 1978-നുശേഷം ആദ്യമായാണ് ജനനനിരക്ക് ഒരു ശതമാനത്തിൽ താഴെയെത്തുന്നത്.

ജനസംഖ്യാപരമായ പ്രതിസന്ധി രൂക്ഷമായപ്പോൾ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഒറ്റക്കുട്ടിനയം റദ്ദാക്കി 2016-ലാണ് രണ്ട് കുട്ടികൾ വരെ അനുമതി നൽകിയത്. മൂന്നു കുട്ടികൾ വരെയാവാമെന്ന് ഇക്കൊല്ലം നിയമം പരിഷ്കരിച്ചു.

ലോകത്തെ ഏറ്റവും വലിയ വിപണി, ഏറ്റവുമധികം മനുഷ്യവിഭവശേഷി തുടങ്ങിയ ഘടകങ്ങൾ ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകമായിരുന്നു. ജനസംഖ്യയിലുള്ള ഇടിവും നിലവിലെ സാമൂഹിക സാഹചര്യങ്ങളും രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുമെന്നാണ് കരുതുന്നത്. പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ സർക്കാർ സ്വീകരിച്ചുവരികയാണ്.

Related News