കണ്ണൂര്‍ വി.സി നിയമനം: ഇപ്പോള്‍ ചാന്‍സലറല്ല; ഹൈക്കോടതി നോട്ടീസ് സര്‍ക്കാരിലേക്ക് അയച്ചെന്നും ഗവര്‍ണര്‍

  • 29/12/2021

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ കേരള സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സി നിയമന വിഷയത്തില്‍ കേരള ഹൈക്കോടതി അയച്ച നോട്ടീസ് ഗവര്‍ണര്‍ സര്‍ക്കാരിലേക്ക് തിരിച്ചയച്ചു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിക്കല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സലര്‍ അല്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.


ഹെക്കോടതി അയച്ച നോട്ടീസ് ഓഫീസില്‍ കിട്ടി, അത് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നുമാണ് ഗവര്‍ണറുടെ പ്രതികരണം.

ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കവെയാണ് ഗവര്‍ണറുടെ പുതിയ നീക്കം. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. 

കണ്ണൂര്‍ വി.സി ഡോ. ഗോപിനാഥ് രവീന്ദന്റെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സര്‍ക്കാറിനേയും ഗവര്‍ണ്ണറേയും രണ്ട് തട്ടിലാക്കിയത്.

Related News