'മംഗള'ക്ക് തിമിര ചികിത്സ, മരുന്ന് എത്തിക്കുന്നത് അമേരിക്കയിൽ നിന്ന്

  • 08/01/2022

പെരിയാര്‍ കടുവ സങ്കേതത്തിലെ വനപാലകരുടെ ഓമനയായ മംഗള എന്ന കടുവക്കുട്ടിയ്ക്ക് തിമിര ചികിത്സക്കായി അമേരിക്കയില്‍ നിന്ന് മരുന്നെത്തും.


രാജ്യത്ത് ആദ്യമായാണ് ഒരു കടുവയ്ക്ക് ഈ മരുന്ന് നല്‍കുന്നത്. 2020 നവംബറിലാണ് പെരിയാര്‍ കടുവ സങ്കേതത്തിലെ മംഗളാ ദേവി വനത്തില്‍ രണ്ട് മാസം മാത്രം പ്രായമായ അവശയായ കടുവ കുഞ്ഞിനെ വനപാലകര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ മംഗള എന്ന പേരിടുകയായിരുന്നു. വനംവകുപ്പിന്റെ സംരക്ഷണയിലുള്ള മംഗളയെ വനത്തിലേക്ക് തിരികെ വിടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണിന് തിമിരം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് കാഴ്ച വീണ്ടെടുക്കാനുള്ള പരിശോധനകള്‍ തുടങ്ങി.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ പരിശോധന നടത്താന്‍ വനംവകുപ്പ് ഡോക്ടര്‍മാരുടെ ആറംഗ വിദഗ്ധ സംഘത്തെ നിയോഗിക്കുകയായിരുന്നു. വിശദമായ പരിശോധനക്ക് ശേഷമാണ് അമേരിക്കയില്‍ നിന്നു ലാനോ സ്റ്റെറോള്‍ എന്ന മരുന്ന് എത്തിക്കാന്‍ തീരുമാനമായത്. അമേരിക്കയില്‍ ഒരു കടുവയ്ക്കും കേരളത്തില്‍ ഒരു നാട്ടാനയ്ക്കും ഈ മരുന്നുപയോഗിച്ച്‌ മുന്‍പ് ചികിത്സ നടത്തിയിട്ടുണ്ട്. 16,000 രൂപയിലധികമാണ് വില. ഒരു മാസത്തിനു ശേഷം കടുവക്കുട്ടിയ്ക്ക് വീണ്ടും പരിശോധന നടത്തും. രോഗം പൂര്‍ണമായി ഭേദമായാല്‍ മാത്രമേ വനത്തിലേക്ക് തിരികെ അയക്കൂ‌. ‌

മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത മംഗള ഇരപിടിക്കാന്‍ പഠിച്ചുകഴിഞ്ഞു. 40 കിലോയോളം തൂക്കവുമുണ്ട്. കടുവ സങ്കേതത്തില്‍ തയാറാക്കിയ പ്രത്യേക സ്ഥലത്താണ് മംഗളയെ ഇപ്പോള്‍ സംരക്ഷിക്കുന്നത്. മംഗളയുടെ അമ്മയ്ക്കായി ദിവസങ്ങളോളം കാത്തെങ്കിലും ഫലമുണ്ടായില്ല. മനുഷ്യരുമായി അധികം ഇടപെടാത്ത രീതിയിലാണ് മംഗളയെ വളര്‍ത്തിയെടുത്തത്. മനുഷ്യരുടെ മണം പരിചിതമാകാതിരിക്കാന്‍ പുറംലോകം കാണിക്കാതെയാണ് കടുവക്കുട്ടിയെ സംരക്ഷിക്കുന്നത്. കാട്ടിലേക്ക് വിടുന്ന കടുവ മനുഷ്യഗന്ധം കിട്ടി തിരികെ വരാതിരിക്കാനാണ് ഈ മുന്‍കരുതല്‍

Related News