കെ. റയിലിന്റെ യുഡിഎഫ് ബദല്‍ 'സബര്‍ബന്‍ റെയില്‍' റെയില്‍വേ തള്ളിയ പദ്ധതി

  • 09/01/2022

തിരുവനന്തപുരം: കെ. റയിലിന്റെ ബദലായി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്ന സബര്‍ബന്‍ റെയില്‍ റെയില്‍വേ തള്ളിക്കളഞ്ഞ പദ്ധതി. കെ. റെയിലിന്റെ ബദല്‍ സബര്‍ബന്‍ റെയിലാണെന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. 2016 വരെ ഭരിച്ചിരുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സബര്‍ബന്‍ റെയില്‍ എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ആദ്യമുണ്ടായിരുന്ന ഹൈസ്പീഡ് റെയില്‍ എന്ന ആശയം എതിര്‍പ്പിനെ തുടര്‍ന്ന് സബര്‍ബന്‍ റെയില്‍ എന്ന ആശയത്തിലേക്കെത്തുകയായിരുന്നു. ഇതിന്റെ സാധ്യതാ പഠനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുകയും ചെയ്തു. 

10000 കോടി രൂപ ചെലവില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള റെയില്‍ സര്‍വീസായിരുന്നു സബര്‍ബന്‍ റെയില്‍ എന്നതുകൊണ്ട് യു.ഡി.എഫ് ഉദ്ദേശിച്ചിരുന്നത്. അതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള റെയില്‍ സര്‍വീസ് നിലവിലെ റെയില്‍പാതയിലൂടെ തന്നെ നടത്താനായിരുന്നു തീരുമാനം. 

ഇത് റെയില്‍വേ ബോര്‍ഡിന്റെ മുന്നില്‍ സമര്‍പ്പിച്ചു. എന്നാല്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് 2017 ലാണ് ഇതിനുള്ള റെയില്‍വേയുടെ മറുപടി ലഭിക്കുന്നത്. ഈ പദ്ധതി തള്ളിയ റെയില്‍വേ നിലവിലുള്ള പാതയിലൂടെ സര്‍വീസ് സാധ്യമല്ലെന്നും വ്യക്തമാക്കി. സബര്‍ബന്‍ റെയില്‍ സര്‍വീസ് നടത്തണമെങ്കില്‍ പുതിയ പാത നിര്‍മിച്ചോളു എന്ന നിര്‍ദേശവും റെയില്‍വേ നല്‍കി. 

യു.ഡി.എഫ് പറയുന്ന പോലെ കെ. റയിലിന് ബദലാണ് സബര്‍ബന്‍ റെയില്‍ എന്ന കാര്യം റെയില്‍വേ അംഗീകരിക്കുന്നില്ല. സബര്‍ബന്‍ റെയിലുമായി കേരളം മുന്നോട്ട് പോകുകയാണെങ്കില്‍ തന്നെ പുതിയപാത നിര്‍മ്മിക്കേണ്ടിയും വരും. അതുകൊണ്ട് തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നോട്ട് വെച്ച ഈ പദ്ധതി റെയില്‍വേ ബോര്‍ഡ് ഇതിനോടകം നിരാകരിച്ചതാണെന്ന് ഈ കത്തിലൂടെ വ്യക്തമാണ്

Related News