ചാൻസലർ സ്ഥാനമൊഴിയരുതെന്ന് ആവശ്യം; ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി

  • 14/01/2022

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങി മുഖ്യമന്ത്രി. അമേരിക്കയിലേക്ക് തിരിക്കുന്നത് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണിൽ സംസാരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോൺ കോൾ രാജ്ഭവനിലേക്ക് എത്തിയത്. സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ഗവർണറോട് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് വേണ്ടി താൻ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. മുഖ്യമന്ത്രിയോട് ഫോൺ കോളിനോട് പോസീറ്റിവായിട്ടാണ് ഗവർണർ പെരുമാറിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ നൽകുന്ന സൂചന. 

സർവ്വകലാശാല, ഡി ലീറ്റ് വിഷയങ്ങളിൽ സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ മുഖ്യമന്ത്രിയിൽ നിന്നുണ്ടാവാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. സംസ്ഥാന ചരിത്രത്തിൽ ഇതിനു മുൻപൊരു ഗവർണറും ഇത്ര പരസ്യമായ ആരോപണങ്ങളും വിമർശനവും സർക്കാരിന് നേരെ ഉയർത്തിയിട്ടില്ല. ഇത്രയേറെ ഗുരുതര വിഷയങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി താനുമായി സംസാരിക്കാത്തതിൽ ഗവർണർ അതൃപ്തനാണെന്നും സൂചനകളുണ്ടായിരുന്നു. അതേസമയം തിരുവനന്തപുരത്തുണ്ടായിട്ടും രാജ്ഭവനിൽ നേരിട്ടെത്തി ഗവർണറെ കാണാതെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചതും കൗതുകകരമാണ്. 

Related News