തല ഭിത്തിയിലിടിപ്പിച്ചു, തളര്‍ന്നു വീണിട്ടും മര്‍ദ്ദിച്ചു; അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

  • 10/02/2022

മൂവാറ്റുപുഴ: അമ്മയെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കുറ്റിയിൽ വീട്ടിൽ നാരായണന്റെ ഭാര്യ ശാന്തമ്മയെ (70) കൊല്ലപ്പെടുത്തിയ കേസിലാണ് മകൻ മനോജിനെ (46) പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചിന് രാത്രിയാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അമ്മ അയല്‍വാസികളോട് തന്നെക്കുറിച്ച് അപവാദം പറഞ്ഞെന്നാരോപിച്ചാണ് മനോജ് അമ്മയുമായി വഴക്കിട്ടത്. തുടര്‍ന്ന് മനോജ് ശാന്തമ്മയുടെ തലയും മുഖവും അടുക്കളയിലെ ഭിത്തിയിൽ ഇടിച്ചു പരുക്കേൽപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഛർദിച്ച് അവശയായ ശാന്തമ്മയെ കട്ടിലിൽ കൊണ്ടുവന്നു കിടത്തിയ ശേഷം മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നു ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കിയതായി പൊലീസ് പറയുന്നത്.

തുടര്‍ന്ന് മനോജ് രക്തംപുരണ്ട വസ്ത്രങ്ങള്‍ മാറ്റുകയും പരിസരം കഴുകി വൃത്തിയാക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് അയല്‍ക്കാരെ അറിയിച്ചു. അയല്‍വാസികള്‍ വന്ന് നോക്കിയപ്പോള്‍ ശാന്തമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. 

അയല്‍വാസികളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവം അന്വേഷിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഭാര്യയുമായി പിരിഞ്ഞ മനോജ് 10 വര്‍ഷം മുമ്പാണ് വാഗമണില്‍നിന്ന് പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. വര്‍ക്ക് ഷോപ്പ് ജോലിക്കാരനാണ് ഇയാള്‍. 

ഏഴ് മാസം മുൻപാണ് ശാന്തമ്മ മനോജിനൊപ്പം താമസിക്കാൻ ഇവിടെ എത്തിയത്. മനോജ് മദ്യപിച്ചെത്തി വീട്ടിൽ അമ്മയുമായി വഴക്കുണ്ടാക്കുന്നതു പതിവായിരുന്നു. ശാന്തമ്മയുടെ 7 സെന്റ് സ്ഥലം മനോജിനു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു തർക്കമെന്നും പൊലീസ് പറഞ്ഞു. 

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ സി.ജെ. മാര്‍ട്ടിന്‍, എം.കെ. സജീവന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതി അറസ്റ്റിലായതും. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Related News