ക്രൈംബ്രാഞ്ച് നടപടിക്ക് പിന്നിൽ ശിവശങ്കർ; വരുന്നത് വരട്ടെ, എല്ലം നേരിടാൻ തയ്യാറെന്നും സ്വപ്ന

  • 10/02/2022

തിരുവനന്തപുരം: എയർ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജപീഡന പരാതി ചമച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നിലും ശിവശങ്കർ തന്നെയെന്ന് വിശ്വസിക്കുന്നതായി സ്വപ്ന സുരേഷ്. തിടുക്കത്തിൽ കുറ്റപത്രം നൽകിയതിന് പിന്നിൽ ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ചിട്ടുണ്ടാകാം. ഇക്കാര്യങ്ങളെല്ലാം ജനങ്ങൾ തീരുമാനിക്കെട്ടെ. കേസുകളെല്ലാം കൂട്ടി വായിക്കുന്നുവെന്നും എന്നാൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ കേസുകളെക്കുറിച്ച് പറയുന്നില്ലെന്നും അവർ പറഞ്ഞു. 

താൻ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലം ആയിരിക്കാം ഇത്തരം നടപടികളെന്നും എന്നാൽ എന്തും നേരിടാൻ തയ്യാറാണെന്നും സ്വപ്ന പറഞ്ഞു. എനിക്കെതിരായ ശിവശങ്കറിന്റെ തെറ്റായ ആരോപണങ്ങൾക്ക് എതിരേ മാത്രമാണ് പ്രതികരിച്ചത്. ശിവശങ്കറിനൊപ്പം ആര് നിൽക്കും നിൽക്കില്ല എന്നത് തന്റെ വിഷയമല്ല. തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ചു എന്നേയുള്ളൂ. അത് എന്റെ അവകാശമാണ്, സ്വാതന്ത്യമാണ്.

ശിവശങ്കറിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും എതിരേ പ്രതികരിച്ചതിലുള്ള ആക്രണമാണ് ഇപ്പോൾ നടക്കുന്നത്. ഒന്നെങ്കിൽ ആക്രമണം, അല്ലെങ്കിൽ മരണം അല്ലെങ്കിൽ ജയിൽ എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. പ്രതികരിച്ചിരിക്കുന്നത് വളരെ ശക്തനായ, സ്വാധീനശക്തിയുള്ള ഒരു ഉദ്യോഗസ്ഥനെതിരേയാണ്. വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും എന്നറിയില്ല. എന്താണോ സംഭവിക്കാൻ പോകുന്നത് അതിനെ നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. 

എയർ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസിൽ സ്വപ്ന സുരേഷ് അടക്കം പത്ത് പ്രതികൾക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. സാറ്റ്‌സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. സ്വപ്ന സുരേഷാണ് രണ്ടാംപ്രതി. സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Related News