ഗൂഗിൾ നോക്കി കാർ ഓടിച്ചു; വഴി മാറിയപ്പോൾ ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്റർ; മൂന്നു പേർ മരിച്ചു

  • 10/02/2022

അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളാണ് കഴിഞ്ഞ ദിവസം മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. വിവാഹവുമായി ബന്ധപ്പെട്ട് വധുവിന് പുടവയുമായി പോയ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപെട്ടത്. അടൂരിൽ കാർ കനാലിലേക്ക് മറിയാൻ കാരണം ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതാണെന്ന് അഗ്‌നിരക്ഷാ സേന. ഹരിപ്പാട്ടേക്ക് വേഗത്തിൽ പോവുകയായിരുന്ന വാഹനം അടൂർ ബൈപ്പാസ് ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു. ബ്രേക്ക് ചെയ്യാനാണ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ, അബദ്ധവശാൽ ആക്സിലേറ്ററിലാണ് ചവിട്ടിയത്. ഇത് ശരിവെക്കുന്ന തരത്തിൽ പരിക്കേറ്റ യാത്രക്കാർ പറഞ്ഞതായും അഗ്‌നിരക്ഷാ സേന പറയുന്നു. കാർ ഡ്രൈവർ അപകടത്തിന് തൊട്ടുമുമ്ബ് മൊബൈൽ ഫോണിൽ നോക്കിയെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ മൊഴി നൽകിയതായി പോലീസും പറഞ്ഞു.

ഇളമാട് അമ്ബലംമുക്കിലെ ഷാനു ഹൗസിൽ വിവാഹാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് വിവാഹത്തിന് പുറപ്പെടാനുള്ള ഒരുക്കങ്ങളിലായിരുന്നു വരനായ അമൽ ഷാജിയും ബന്ധുക്കളും. വധുവിന് നൽകാനുള്ള പുടവയുമായി അമലിന്റെ ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളും ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഇളമാട് അമ്ബലംമുക്കിൽനിന്ന് അഞ്ച് വാഹനങ്ങളിൽ യാത്ര തുടങ്ങിയത്. ഒന്നേകാലോടെയാണ് അടൂരിൽവെച്ച് അപകടമുണ്ടായ വിവരം അമ്ബലംമുക്കിൽ അറിഞ്ഞത്.

അമലിന്റെ ബന്ധുക്കളായ ശകുന്തളയും ഇന്ദിരയും കുടുംബസുഹൃത്ത് ശ്രീജയും മരിച്ച വിവരം ഞെട്ടലോടെയാണ് അയൽവാസികളും കൂട്ടുകാരും കേട്ടത്. അമ്ബലംമുക്ക് പെട്രോൾ പമ്ബിനടുത്താണ് അമലിന്റെ വീട്. അടുത്തുതന്നെയാണ് ഇന്ദിരയും മകളും താമസിച്ചിരുന്നത്. ശകുന്തളയുടെ വീടും ഇതിനടുത്തുതന്നെയായിരുന്നു. ഒന്നരവർഷംമുമ്ബ് ഈ വീട് വിറ്റതിനുശേഷം ശകുന്തളയും കുടുംബവും ആക്കാപൊയ്കയിൽ വാടകവീട്ടിലേക്ക് മാറുകയായിരുന്നു.

ശ്രീജയും അമലിന്റെ വീടിനടുത്തായിരുന്നു മുമ്ബ് താമസിച്ചിരുന്നത്. പിന്നീട് തേവന്നൂർ എസ്റ്റേറ്റ് ജങ്ഷനിൽ വീടുവെച്ച് താമസം തുടങ്ങി. അമലിന്റെ കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു ശ്രീജയും ഭർത്താവ് പ്രകാശും. പുടവ കൈമാറൽച്ചടങ്ങിനു പോകുന്നില്ലെന്നാണ് ശ്രീജ തീരുമാനിച്ചിരുന്നത്. എന്നാൽ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അവസാനനിമിഷം യാത്ര പുറപ്പെടുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലും തൊഴിലുറപ്പുജോലിക്കും പോയിരുന്നു ഇന്ദിരയും ശകുന്തളയും. ശ്രീജ എസ്റ്റേറ്റ് മുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. എല്ലാവരുമായും മൂവരും നല്ല സൗഹൃദത്തിലുമായിരുന്നു.

അപകടസ്ഥലത്ത് എത്തിയവർ കാഴ്ചക്കാരായി നിൽക്കാതെ കാർ വെള്ളത്തിൽനിന്ന് കയറ്റുന്നതിനും പുറത്ത് റോഡിൽ ഗതാഗത ക്രമീകരണം നടത്തുന്നതിനും നാട്ടുകാർ മുൻകൈയെടുത്തു. ആദ്യം നാട്ടുകാർതന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീടാണ് അഗ്നിരക്ഷാസേനയും പൊലീസുമൊക്കെ എത്തിയത്.

Related News