വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി നടത്തിയത് ഒരു കോടി രൂപയുടെ യുപിഐ ഇടപാട്, ദുരൂഹത

  • 11/02/2022

കോഴിക്കോട്; ഒരു മാസം മുൻപ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ പണമിടപാട്. യുപിഐ ആപ്പുകൾ വഴിയായിരുന്നു എല്ലാ ഇടപാടുകളും നടത്തിയിരുന്നത്. ആത്മഹത്യ ചെയ്യാന്‍ മാത്രം ഒരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും ബിജിഷയുടെ ആത്മഹത്യ നാടിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

യു.പി.ഐ ആപ്പുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ദുരൂഹത തോന്നിയ പോലീസ് ബാങ്കിലെത്തിയാണ് പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.

ഡിസംബര്‍ 12നാണ് കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷ തന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്.  അന്വേഷണത്തില്‍, അവര്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തി. എന്നാൽ എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ അറിയില്ല. ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. 

ബിജിഷയുടെ മരണശേഷം പണം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടുമില്ല. എല്ലാ ഇടപാടുകൾക്കും പണം വാങ്ങിയതും കൊടുത്തതും മുഴുവന്‍ ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകള്‍ വഴിയായിരുന്നു. പണം കടം ചോദിച്ചവരോട് ആപ്പ് വഴി തന്നാല്‍ മതിയെന്ന് പ്രത്യേകം പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. 

ഡിസംബര്‍ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച് വന്നാണ് കൊയിലാണ്ടിയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന ബിജിഷ ഇത്രയേറെ പണമിടപാട് നടത്തിയത് എന്തിനെന്നതില്‍ ദുരൂഹത ഏറുകയാണ്. ബിജിഷയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Related News