ഒമാനിലെ റൂവിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി; പത്തുപേർക്ക് പരിക്ക്

  • 12/02/2022


മസ്‍കത്ത്: ഒമാനിലെ മത്ര വിലായത്തില്‍ ഉള്‍പ്പെടുന്ന റൂവിയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ശനിയാഴ്‍ച രാവിലെ ഒമാന്‍ പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പിലാണ് തീ പൂര്‍ണമായും കെടുത്തിയതായി അറിയിച്ചിരിക്കുന്നത്. അപകടത്തില്‍ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം ഏഴുമണിക്കായിരുന്നു റൂവി നഗരത്തിലെ കെട്ടിടത്തിന് തീപിടിച്ചത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍  ഡിഫന്‍സ് ആന്റ്  ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേന വിഭാഗം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

നിരവധി അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിച്ച് ക്രെയിന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു തീ അണയ്‍ക്കാനുള്ള പരിശ്രമം. പരിസരത്തുള്ള കടകള്‍ അടയ്‍ക്കാന്‍ നിര്‍ദേശം നല്‍കുകയും ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്‍തു. പരിക്കേറ്റ ഏതാനും പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

Related News