വൈദികന്‍ ചമഞ്ഞ് വിധവയായ വീട്ടമ്മയില്‍ നിന്ന് പണം തട്ടിയെടുത്തു; സ്റ്റേഷനിലെത്തിച്ചപ്പോള്‍ അസഭ്യവര്‍ഷം, മലമൂത്ര വിസര്‍ജനം

  • 12/02/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദികന്‍ ചമഞ്ഞ് വിധവയായ വീട്ടമ്മയില്‍ നിന്ന് പണം തട്ടിയയാളെ പിടികൂടി. കാഞ്ഞിരംകുളം ചാണി പണ്ടാരവിള കനാല്‍കോട്ടേജില്‍ ഷിബു എസ്.നായരാണ്(42) അറസ്റ്റിലായത്. പള്ളിയില്‍ നിന്ന്  ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. 

ജനുവരി 29-ന് രാവിലെ 10 മണിക്കാണ് സംഭവം. കുന്നത്തുകാല്‍, മാണിനാട് കുണ്ടറത്തല വിളാകം വീട്ടില്‍ പരേതനായ ബെഞ്ചമിന്റെ ഭാര്യ ശാന്തയെ(64) കബളിപ്പിച്ച് 14,700 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ബൈക്കിലെത്തിയ ഇയാള്‍ മണിവിള പള്ളിയിലെ പുരോഹിതനാണെന്ന് സ്വയം പരിചയപ്പെടുത്തി. നിര്‍ധന വിധവകള്‍ക്ക് ഇടവക ധനസഹായമായി 10 ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും ശാന്തയുടെ പേരും ഈ പട്ടികയില്‍ ഉണ്ടെന്നും വിശ്വസിപ്പിച്ചു. 

തുക ലഭിക്കാനായി ഇടവകയുടെ അനാഥമന്ദിര ഫണ്ടിലേക്ക് 14,700 രൂപ മുന്‍കൂറായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഒരു മാസത്തിന് മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ചികിത്സ നടത്തി സാമ്പത്തിക ബാധ്യതയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ അയല്‍വാസിയുടെ കൈയില്‍നിന്നു പണം കടം വാങ്ങി നല്‍കുകയായിരുന്നു. 

ഒരു മണിക്കൂറുനുള്ളില്‍ വരാമെന്നു പറഞ്ഞുപോയ ഷിബു പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. ശാന്തയുടെ പരാതിയില്‍ വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്റ്റേഷനിലെത്തിച്ചപ്പോള്‍ സെല്ലില്‍ കിടന്ന് അസഭ്യം പറഞ്ഞ ഇയാള്‍ അവിടെ മലമൂത്ര വിസര്‍ജനം നടത്തിയ ശേഷം തങ്ങള്‍ക്ക് നേരേ വിസര്‍ജ്യം വലിച്ചെറിഞ്ഞെന്നും പോലീസുകാര്‍ പറയുന്നു. ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തട്ടിപ്പ്, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്ന് വെള്ളറട പോലീസ് കൂട്ടിച്ചേര്‍ത്തു. 

Related News