ഒമാനിലെ റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളിൽ ഇനി മുതൽ പ്രവാസികൾക്കും ഓണർഷിപ്പ്

  • 12/03/2022



മസ്കത്ത് : ഒമാനിലെ റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളിൽ ഇനി മുതൽ പ്രവാസികൾക്കും ഓണർഷിപ്പ് സ്വന്തമാക്കാമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ നീക്കം. 

റിയൽ എസ്റ്റേറ്റിൽ പ്രവാസികൾ സജീവമായാൽ വിദേശനിക്ഷേപം വർധിക്കുമെന്നും ഒമാൻ ഭരണകൂടം കണക്കുകൂട്ടുന്നു. അതേസമയം, പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഓണർഷിപ്പ് സ്വന്തമാക്കാൻ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

അഞ്ചുലക്ഷം റിയാലിന്റെ കെട്ടിടമുള്ളവർക്ക് ഫസ്റ്റ് ക്ലാസ് റെസിഡൻസി കാർഡും, രണ്ടര ലക്ഷം റിയാലിന്റെ കെട്ടിടമുള്ളവർക്ക് സെക്കൻഡ് ക്ലാസ് റെസിഡൻസി കാർഡും ലഭിക്കും. ഇതിനായി റിയൽ എസ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങണം. 

അതേസമയം, ചില നിർദിഷ്ട പ്രദേശങ്ങളിലുള്ള കെട്ടിടങ്ങൾ മാത്രമേ പ്രവാസികൾക്ക് സ്വന്തം പേരിൽ വാങ്ങാൻ കഴിയൂ എന്നും അധികൃതർ വ്യക്തമാക്കി. മുസന്ദം, അൽ ബുറൈമി, അൽ ദഹിറാഹ്, അൽ വുസ്ത, ദൊഫർ തുടങ്ങിയ ഗവർണറേറുകളിലും, ലിവ, ഷിനാസ്, മസിറാഹ് ജബൽ അൽ അക്ദർ, ജബൽ ഷംസ് തുടങ്ങിയ വിലായത്തുകളിലും പ്രവാസികൾക്ക് കെട്ടിടങ്ങൾ വാങ്ങാനാവില്ല. 

പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിലും റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന് വിലക്കുണ്ട്. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിനുള്ള അനുമതി, ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം കൈമാറ്റം ചെയ്യാൻ കഴിയുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News