സുല്‍ത്താന്റെ നിര്‍ദേശം; ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു

  • 14/03/2022


മസ്‍കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറച്ചു. മസ്‍കത്ത്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ ശൈഖുമാരുമായി ഞായറാഴ്‍ച നടത്തിയ കൂടിക്കാഴ്‍ചയ്‍ക്കിടെയായിരുന്നു വിസാ നിരക്കുകള്‍ കുറയ്‍ക്കാന്‍ ഭരണാധികാരി നിര്‍ദേശം നല്‍കിയത്.

വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയും ചെയ്‍തു. ഈ വര്‍ഷം ജൂണ്‍ ആദ്യം മുതലായിരിക്കും ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സ്വദേശിവത്‍കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഫീസില്‍ 85 ശതമാനം വരെ ഇളവും നല്‍കും.

നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്‍തികകളിലേക്ക് ഇനി മുതല്‍ 251 റിയാലായിരിക്കും വിസാ ഫീസ്. സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്‍കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്.

നിലവില്‍ 301റിയാല്‍ മുതല്‍ 361 റിയാല്‍ വരെ ഈടാക്കുന്ന വിഭാഗത്തില്‍ ഇനി മുതല്‍ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാല്‍ ആയിരിക്കും പുതിയ ഫീസ്. ഇതും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയവര്‍ക്ക് 141 റിയാല്‍ ആയിരിക്കും ഇത്. വീട്ടുജോലിക്കാരുടെ ഫീസ് 141ല്‍ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്.

Related News